പ്‌ളാസ്റ്റിക് ഗ്രോ ബാഗുകള്‍ക്ക് ബദലായി കയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇ കൊയര്‍ ബാഗ് സെപ്‌തംബര്‍ 20 ന് വിപണിയിലെത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്‌കരിച്ച കയര്‍ ഉപയോഗിച്ച് ഗ്രോ ബാഗുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യത തേടിയ NCRMIയും FOMIL ഉം സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ecoir ബാഗുകളെന്നും രാജീവ് പറഞ്ഞു.
പ്രത്യേക ഇനം കയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വായുസഞ്ചാരമുള്ള പരിസ്ഥിതി സൗഹൃദ ഗ്രോ ബാഗുകള്‍ പുനരുപയോഗിക്കാവുന്നതും കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതും പ്രകൃതിയോട് ഇണങ്ങിയതും ആണ്. ക്രോസ് സ്റ്റിച്ച് ചെയ്ത് ബലപ്പെടുത്തിയ കയര്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.സ്ഥലപരിമിതിയുള്ള ഇടങ്ങളില്‍ പൂന്തോട്ടമോ പച്ചക്കറിത്തോട്ടമോ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമാണിത്. പച്ചക്കറി, പഴങ്ങള്‍, ഔഷധസസ്യങ്ങള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ എന്നിവ വളര്‍ത്തുവാനും ഉപയോഗിക്കാം. വായു സഞ്ചാരം ഉറപ്പാക്കി വേരുകളുടെ അനായാസമായ വളര്‍ച്ചയെ സാധ്യമാക്കുന്നതിനാല്‍ വേരോട്ടം വര്‍ധിപ്പിച്ച് പുതിയ വേരുകള്‍ മുളയ്ക്കാന്‍ സഹായിക്കുകയും മികച്ച വിളവ് ഉറപ്പു നല്‍കുകയും ചെയ്യുന്നു.
വേനല്‍ക്കാലത്തും ശൈത്യകാലത്തും കൃത്യമായ ഇന്‍സുലേഷന്‍ നല്‍കുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ബാഗുകള്‍ ഉപയോഗശേഷം കമ്പോസ്റ്റിങ്ങിലൂടെ മണ്ണില്‍ തന്നെ ലയിപ്പിച്ചു കളയുകയും ചെയ്യാം. മനോഹരമായി രൂപകല്‍പ്പന ചെയ്ത ബാഗുകള്‍ പ്ലാസ്റ്റിക് ഗ്രോ ബാഗുകളിലെയോ മണ്‍ചട്ടികളിലെയോ പോലെ വേരുകള്‍ ചുറ്റിവളഞ്ഞു വളര്‍ച്ച മുരടിപ്പിക്കുന്നില്ല.