ഇരിട്ടി: സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകളുടെ അപകടകരമായ മത്സര ഓട്ടം തടയാന്‍ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ കർശന നടപടിയുമായി ഇരിട്ടി പോലീസ്. സമയക്രമം പാലിക്കാതെയുള്ള മത്സര ഓട്ടം ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റത്തിലും കൈയാങ്കളിയിലുമെത്തുന്നത് പതിവായതോടെയാണ് പോലീസ് നടപടികൾ ആരംഭിച്ചതെന്ന് ഇരിട്ടി സിഐ കെ.ജെ. ബിനോയി പറഞ്ഞു. അമിത വേഗവും ഓവര്ടേക്കിഗും കണ്ടെത്തിയാല്‍ ബസ് യാത്രക്കാര്‍ക്കോ നാട്ടുകാര്‍ക്കോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇരിട്ടി പോലീസിനെ 9497987206 എന്ന നമ്പറില്‍ അറിയിക്കാം.
കഴിഞ്ഞ ദിവസം സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ഇരിട്ടി ബസ് സ്റ്റാൻഡിൽ വച്ച് മര്‍ദിച്ചിരുന്നു.
ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതോടെ തളിപ്പറമ്പില്‍ നിന്നും വീരാജ് പേട്ടയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഇരിട്ടിയില്‍ അവസാനിപ്പിച്ചു. ഇതോടെ കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ പെരുവഴിയിലാവുകയായിരുന്നു. തളിപ്പറമ്പില്‍ നിന്ന് ഇരിട്ടിയിലേക്ക് വന്ന സ്വകാര്യ ബസായ ആപ്പിളിലെ ജീവനക്കാരാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കാക്കയെങ്ങാട് സ്വദേശി എൻ.കെ. പ്രതീജ് കുമാര്‍ (43)നെ മര്‍ദിച്ചത്.
കെഎസ്ആര്‍ടിസി ബസിന്റെ പത്ത് മിനിട്ട് മുന്നേ പോകേണ്ട സ്വകാര്യ ബസ് മിക്ക ദിവസങ്ങളിലും കെഎസ്ആർടിസിക്ക് തൊട്ടു മുന്നിലായി സർവീസ് നടത്തുന്നത് ചോദ്യം ചെയ്ത വിരോധമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തില്‍ സ്വകാര്യ ബസിലെ ജീവനക്കാരായ സനൂപ് (29) മുകുന്ദൻ (42) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.