24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 170 ഹോട്ട്‌സ്‌പോട്ട്‌ ; കൂടുതൽ തിരുവനന്തപുരത്ത്‌ ; വാക്‌സിനേഷൻ യജ്ഞം ഇന്ന് തുടങ്ങും
Kerala

170 ഹോട്ട്‌സ്‌പോട്ട്‌ ; കൂടുതൽ തിരുവനന്തപുരത്ത്‌ ; വാക്‌സിനേഷൻ യജ്ഞം ഇന്ന് തുടങ്ങും

സംസ്ഥാനത്ത് 170 പ്രദേശം തെരുവുനായ ഹോട്ട്‌സ്‌പോട്ടെന്ന് മൃഗസംരക്ഷണ വകുപ്പ്‌. നായ കടിയേറ്റ്‌ ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ കണ്ടെത്തൽ. ചികിത്സയ്ക്കെത്തിയവരുടെ പ്രതിമാസ കണക്കില്‍ പത്തോ അതിൽ കൂടുതലോ സംഭവം റിപ്പോർട്ട്‌ ചെയ്‌തയിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടായി നിശ്ചയിക്കുക. ജനുവരിമുതൽ ആഗസ്‌ത്‌വരെയുള്ള റിപ്പോർട്ടാണ് അടിസ്ഥാനമാക്കിയത്.

തിരുവനന്തപുരത്താണ് കൂടുതൽ ഹോട്ട്‌സ്‌പോട്ട്‌. 28 പ്രദേശം പട്ടികയിലുണ്ട്. 17 പ്രദേശത്ത്‌ ചികിത്സയ്ക്കെത്തിയവരുടെ എണ്ണം നൂറിൽ കൂടുതലാണ്‌. പാലക്കാടാണ് രണ്ടാമത്‌. 26 ഹോട്ട്‌സ്‌പോട്ടുണ്ട്‌ ഇവിടെ. പാലക്കാട്‌ മുനിസിപ്പാലിറ്റിയിൽ മാത്രം 641 കേസുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ സംഭവം റിപ്പോർട്ട്‌ ചെയ്‌തത്‌ ഇവിടെയാണ്‌. അടൂർ, അരൂർ, പെർള എന്നിവിടങ്ങളിൽ 300ൽ അധികമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഹോട്ട്‌സ്‌പോട്ടുള്ള ഇടുക്കിയിലാണ്‌ ഏറ്റവും കുറവ്‌.

പരമാവധി തെരുവുനായകൾക്ക്‌ വാക്‌സിനേഷൻ നൽകാനുള്ള ശ്രമത്തിലാണ്‌ മൃഗസംരക്ഷണ വകുപ്പ്‌. അഞ്ചു ലക്ഷം വാക്‌സിനുകൾ ഇവയ്ക്ക്‌ നൽകാന്‍ എത്തിച്ചു. വെറ്ററിനറി ഡോക്ടർമാർ ഇല്ലാത്ത ആശുപത്രികളിൽ തൊട്ടടുത്ത പഞ്ചായത്തിൽനിന്നുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. കൂടുതൽ ഡോക്ടർമാരെ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി നിയമിക്കുമെന്ന്‌ മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

വാക്‌സിനേഷൻ യജ്ഞം 
ഇന്ന് തുടങ്ങും
തീരുമാനിച്ചതിലും നേരത്തേ തദ്ദേശ സ്ഥാപനങ്ങളില്‍ തീവ്ര വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌. 20ന് ആരംഭിക്കുമെന്നായിരുന്നു ഔദ്യോ​ഗിക തീരുമാനം. ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ വ്യാഴാഴ്ചയും കൊല്ലം കോർപറേഷനില്‍ വെള്ളിയാഴ്ചയും തിരുവനന്തപുരം കോർപറേഷൻ ‍ഞായറാഴ്ചയും യജ്ഞം ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ വളർത്തുനായകൾക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്.

തെരുവുനായ ശല്യം പരിഹരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണസമിതി യോ​ഗം വ്യാഴംമുതല്‍ ചേരും. ഇതിൽ പ്രോജക്ട് ഭേദഗതിയും ആക്ഷൻ പ്ലാനും തീരുമാനിക്കും. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗവും വിളിക്കും. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും എബിസി കേന്ദ്രങ്ങൾ ആരംഭിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ രണ്ട് ബ്ലോക്ക് പഞ്ചായത്തിന് ഒരു കേന്ദ്രമാകും. സജ്ജമായ കേന്ദ്രങ്ങൾ ഉടൻ തുറക്കും. നായക്കുഞ്ഞുങ്ങള്‍ക്ക് വാക്സിനേഷനും എബിസിയും നടത്താന്‍ നടപടിയെടുക്കും. നായകളെ പിടികൂടാന്‍ സജ്ജരായ സന്നദ്ധപ്രവര്‍ത്തകരുടെ കണക്കെടുപ്പ് കുടുംബശ്രീ ആരംഭിച്ചു. ഇവര്‍ക്ക് വെറ്ററിനറി സർവകലാശാല പരിശീലനം നൽകും. സർവകലാശാലയിലെ അവസാനവര്‍ഷ വിദ്യാർഥികളെ പദ്ധതിക്ക് ഉപയോഗിക്കും. തെരുവുനായകളെ പാർപ്പിക്കാനുള്ള ഷെൽട്ടറുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആരംഭിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. ഇതിന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തും. ഹോട്ട്സ്പോട്ടുകൾ നിർണയിച്ച് നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ മന്ത്രി എം ബി രാജേഷ്‌ പങ്കെടുക്കും.

കർമപദ്ധതിയുമായി വെറ്ററിനറി സർവകലാശാല
തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ വിവിധ മാർഗങ്ങളുമായി കേരള വെറ്ററിനറി ആൻഡ്‌ അനിമൽ സയൻസസ് സർവകലാശാല. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്നാണ്‌ ഇവ നടപ്പാക്കുക. വെറ്ററിനറി ഡോക്ടർമാർ, പാരാ വെറ്ററിനറി ഉദ്യോഗസ്ഥർ, സന്നദ്ധ ഭടർ, നായപിടിത്തക്കാർ എന്നിവർക്ക്‌ വിദഗ്‌ധ പരിശീലനം നൽകുന്നതാണ്‌ ആദ്യ പദ്ധതി. എബിസി(ഡി) സെന്ററടക്കമുള്ളവയ്‌ക്ക്‌ ആവശ്യമായ ശാസ്ത്ര സാങ്കേതിക വിവരവും മാതൃകാ രൂപരേഖയും കൈമാറുന്നതാണ്‌ അടുത്തത്‌. കരിക്കുലം തയ്യാറാക്കിയാണ്‌ ഈ പ്രവർത്തനം. ഒപ്പം സർവകലാശാലയുടെ ക്യാമ്പസുകളുള്ള ഇടങ്ങളിൽ ബ്ലോക്ക്‌ അടിസ്ഥാനത്തിൽ വിദ്യാർഥികൾ ബോധവൽക്കരണം നടത്തും. പ്രതിരോധ കുത്തിവയ്പ് അടക്കമുള്ളവയിൽ പങ്കാളികളാവും. കൂടുതൽ വിവരത്തിന്‌: ഡോ.കെ സി ബിപിൻ : 9447153448, ഡോ. കെ വിനോദ് കുമാർ: 9447668796. ഡോ. പി എം ദീപ : 9496400982.

Related posts

സംസ്ഥാനത്ത് ബുധനും വ്യാഴവും ഇടിമിന്നലിനും മഴക്കും​ സാധ്യത

Aswathi Kottiyoor

പാ​ച​ക​വാ​ത​കം: പു​തി​യ ക​ണ​ക്ഷ​ന് ഇ​നി കൈ​പൊ​ള്ളും

Aswathi Kottiyoor

റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കമാകും: മന്ത്രി കെ രാജന്‍

Aswathi Kottiyoor
WordPress Image Lightbox