പുതിയ തലമുറയുടെ കഴിവുകൾ വാണിജ്യ, വ്യവസായ മേഖലകളിൽ കാര്യക്ഷമമായി ഉപയോഗിക്കാനാകണമെന്നു വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ-വാണിജ്യ വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്പ്മെന്റ് (കെ.ഐ.ഇ.ഡി)എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ‘യുവ ബൂട്ട് ദ്വിദിന ക്യാമ്പ്’ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിലന്വേഷകരായ വിദ്യാർഥികളെ തൊഴിൽ ദാതാക്കക്കളായി മാറ്റുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഫലപ്രദമാകുന്നുവെന്നു മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്റ്റാർട്ട്അപ് സംവിധാനങ്ങൾ ഉയർന്നു വരുന്നത് ഇതിന്റെ പ്രകടമായ തെളിവാണ്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ക്ലബ്ബുകൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ജില്ലകളിൽ നിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളായ സംരംഭകരുടെ 39 ടീമുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഓരോ ടീമുകളും തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും മത്സരവും ക്യാമ്പിന്റെ ഭാഗമായി നടന്നു. വിദ്യാർഥികളെ മികച്ച സംരംഭകരാക്കി മാറ്റുന്നതിനുള്ള വിവിധ സെഷനുകൾ രണ്ടു ദിവസങ്ങളിലായി നടക്കും. നാളെ (സെപ്റ്റംബർ 15)നു നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അവാർഡുകൾ വിതരണം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ കെ.ഐ .ഇ .ഡി സി.ഇ.ഒ. ശരത് വി. രാജ്, ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ജോസഫ് പി. രാജ് എന്നിവർ പ്രസംഗിച്ചു. പ്രമുഖ സംരംഭകരും ക്യാമ്പിൽ പങ്കെടുത്തു.