സംസ്ഥാനത്ത് പ്രതിവര്‍ഷം ഒരു ലക്ഷത്തോളം പേര്‍ക്കു തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നുണ്ടെങ്കിലും ആറു വർഷത്തിനിടെ നഷ്ടപരിഹാരത്തുക ലഭിച്ചത് 881 പേര്‍ക്ക് മാത്രം. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചവരാകട്ടെ അയ്യായിരത്തോളം പേരും. തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കാനായി സുപ്രീംകോടതി നിര്‍ദേശപ്രകാരം നിയോഗിച്ച ജസ്റ്റീസ് സിരിജഗന് കമ്മിറ്റിയുടെ കണക്കാണിത്.
നഷ്ടപരിഹാരത്തിനു സമീപിച്ചാല്‍ പരിശോധിച്ച് ആവശ്യമായ തുക നിശ്ചയിച്ച് പണം നല്‍കാനുള്ള നിര്‍ദേശം സര്‍ക്കാരിനു നല്‍കുകയാണ് കമ്മിറ്റിയുടെ ചുമതല. പരിക്കിന്റെ ആഴം, പരിക്കേറ്റവരുടെ പ്രായം, ജോലി ചെയ്യാന്‍ കഴിയാത്ത ദിവസങ്ങള്‍, അംഗവൈകല്യം സംഭവിക്കൽ, ശരീരഭാഗങ്ങള്‍ വികൃതമാകൽ എന്നിവയെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്.
പരിക്കേല്‍ക്കുന്ന ആള് കൃത്യമായ വിവരങ്ങളും ചികിത്സാരേഖയും സഹിതം വെള്ളക്കടലാസില്‍ അപേക്ഷ തയാറാക്കി കൊച്ചിയിലുള്ള ഓഫീസില്‍ എത്തിക്കണം. പരാതിക്കാരന് ഒരുതവണ കമ്മിറ്റിക്കു മുന്നില്‍ ഹിയറിംഗിനായി ഹാജരാകേണ്ടിയും വരും. അഭിഭാഷകന്റെ സാന്നിധ്യം ആവശ്യമില്ല. കമ്മിറ്റി നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കാമെന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിട്ടുള്ളതിനാല്‍ തുകയില്‍ സര്‍ക്കാരിനു മാറ്റം വരുത്താനാകില്ല.
തെരുവുനായയുടെ കടിയേറ്റവര്‍ വാക്സിന് എടുക്കുന്നത് സര്‍ക്കാര്‍ ആശുപത്രിയിലാണെന്നതിനാല് ചികിത്സ സൗജന്യമായിരിക്കും. ഇവര്‍ക്കും നഷ്ടപരിഹാരത്തിനായി കമ്മിറ്റിയെ സമീപിക്കാം. കമ്മിറ്റി നിര്‍ദേശിക്കുന്ന തുക പരാതിക്കാരന് താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളാണ് നല്‍കേണ്ടത്. പണം അനുവദിക്കാനുള്ള ഉത്തരവ് തദ്ദേശസ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്നതിലെ കാലതാമസം കാരണം നഷ്ടപരിഹാരം ലഭിക്കാന്‍ നിലവില്‍ മൂന്നു മുതല്‍ നാലുവര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്.
2016 ഏപ്രില്‍ അഞ്ചിനാണ് ജസ്റ്റീസ് സിരിജഗന് കമ്മിറ്റിയെ സുപ്രീംകോടതി നിശ്ചയിച്ചത്. കേരളത്തിലെ തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കമ്മിറ്റി രൂപീകരണം. നിയമ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറുമാണ് കമ്മിറ്റിയിലെ ഇതര അംഗങ്ങള്‍. ചില തദ്ദേശ സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളുകയാണുണ്ടായത്. നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍പെട്ട് മരിച്ചയാള്‍ക്ക് 32 ലക്ഷം രൂപ വരെ കമ്മിറ്റി നഷ്ടപരിഹാരം അനുവദിച്ചിരുന്നു.
കമ്മിറ്റിക്ക് സര്‍ക്കാരിന്റെപോലും പിന്തുണയില്ല: ജസ്റ്റീസ് സിരിജഗന്
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള കമ്മിറ്റി ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇക്കാര്യം പലര്‍ക്കും അറിയില്ലെന്ന് കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റീസ് സിരിജഗന്. തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതിനായാണ് കമ്മിറ്റി രൂപീകരിച്ചതും. നിലവില്‍ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാരിന്റെ പോലും പിന്തുണ കിട്ടാത്ത അവസ്ഥയാണ്. കമ്മിറ്റിക്ക് ദൈനംദിന ചെലവിനുപോലും പണമില്ല. സ്വന്തം പോക്കറ്റില്‍നിന്നു പണം എടുത്താണ് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.