ആഴക്കടൽ മീൻപിടിത്തത്തിന് ഇന്ത്യൻ യാനങ്ങൾക്കുള്ള കരട് മാർഗനിർദേശത്തെക്കുറിച്ച് പഠിക്കാൻ കേരളം ഉന്നതസമിതിയെ നിയോഗിച്ചു. ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി എ എസ് ശ്രീനിവാസ്, ഡയറക്ടർ ഡോ. അദീല അബ്‌ദുള്ള, ഡെപ്യൂട്ടി ഡയറക്ടർ എസ് അനിൽകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. നിർദേശത്തിലെ പല ഭാഗങ്ങളും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് പഠനം. മന്ത്രി വി അബ്ദുറഹിമാൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സമിതി ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കും.
തുടർന്ന് ഭേദഗതി നിർദേശം കേന്ദ്രത്തിനു സമർപ്പിക്കും.
കരട് മാർഗ നിർദേശത്തിലെ ആശങ്കകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായും തൊഴിലാളി സംഘടനകളുമായും കേന്ദ്രം ചർച്ചയ്‌ക്ക് തയ്യാറാകണം. ദോഷകരമായ നിർദേശങ്ങൾ ഒഴിവാക്കാൻ സംസ്ഥാനം എല്ലാ ശ്രമവും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.