20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • കണ്ണൂരിലേക്കുള്ള ഗതാഗതക്കുരുക്കിന് ശമനമുണ്ടാക്കാനുതകുന്ന തലശ്ശേരി- മാഹി ബൈപ്പാസ് ഒരുവര്‍ഷത്തോളം നീളാന്‍ സാധ്യത
Kerala

കണ്ണൂരിലേക്കുള്ള ഗതാഗതക്കുരുക്കിന് ശമനമുണ്ടാക്കാനുതകുന്ന തലശ്ശേരി- മാഹി ബൈപ്പാസ് ഒരുവര്‍ഷത്തോളം നീളാന്‍ സാധ്യത

കണ്ണൂരിലേക്കുള്ള യാത്രാകുരുക്കിന് പരിഹാരം കാണാനായാണ് തലശ്ശേരി-മാഹി ബൈപാസിന് തുടക്കം കുറിച്ചത്. 20 മിനിറ്റുകൊണ്ട് അഴിയൂരില്‍ നിന്ന് മുഴപ്പിലങ്ങാടിലേക്ക് എത്താന്‍ കഴിയുന്ന മാഹി- തലശ്ശേരി ബൈപ്പാസിന്റെ നിര്‍മ്മാണം 90 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. ധര്‍മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി, അഴിയൂര്‍ എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത്. നാല് വലിയ പാലങ്ങള്‍, ഒരു റെയില്‍വേ മേല്‍പാലം തുടങ്ങിയവയാണ് മാഹി ബൈപാസിലുള്ളത്. ആദ്യം 30 മാസം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, രണ്ടുവര്‍ഷത്തെ പ്രളയവും കോവിഡ് മഹാമാരിയും തടസ്സമായതോടെ നിര്‍മാണം വൈകുകയായിരുന്നു.നിര്‍ദ്ദേശിച്ച കാലാവധി കഴിഞ്ഞിട്ടും നീണ്ട നിര്‍മാണ പ്രവര്‍ത്തികള്‍ ഇനിയും നീളുമെന്നാണ് സൂചന. അഴിയൂരില്‍ റെയില്‍വേപാലം നിര്‍മാണവും തലശ്ശേരി ബാലത്തില്‍ അനുബന്ധ പാലം നിര്‍മാണവും പദ്ധതി നീളുന്നതിന് കാരണമാകുന്നു. കൂടാതെ അഴിയൂരില്‍ റെയില്‍വേ പാളത്തിനു തൊട്ടടുത്തുള്ള റെയില്‍വേമേല്‍പ്പാലത്തിന്റെ നിര്‍മാണവും നീളുകയാണ്.

റെയില്‍വേയുടെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പാലത്തില്‍ ഇരുമ്പ് ഗര്‍ഡറാണ് സ്ഥാപിക്കുക. ലഖ്‌നൗ വില്‍നിന്നുള്ള ഉദ്യോഗസ്ഥരെത്തി ഇതിന്റെ പരിശോധന ഉള്‍പ്പെടെ നടത്തണം. ഇതാകട്ടെ എന്നുനടക്കുമെന്ന് പറയാന്‍ കഴിയില്ല. അഴിയൂരില്‍ സര്‍വീസ് റോഡിന് വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് നിര്‍മാണം തടസ്സപ്പെട്ടിരുന്നു. ഇവിടെ സര്‍വീസ് റോഡിന് മൂന്നരമീറ്ററാണ് വീതി. സര്‍വീസ് റോഡിന് അഞ്ചര മീറ്റര്‍ വീതി വേണമെന്നാണ് പ്രദേശത്തുള്ളവരുടെ ആവശ്യം. ഇത് ദേശീയപാത അധികൃതരുടെ പരിഗണനയിലാണ്. ബാലത്തില്‍ നിലവിലുള്ള പാലത്തിന്റെ അനുബന്ധമായി 67 മീറ്റര്‍ പാലം നിര്‍മിക്കാന്‍ ഈയിടെയാണ് അനുമതി ലഭിച്ചത്.പാലയാട്ടുനിന്ന് നിട്ടൂര്‍ വരെയുള്ള പാലം 270 മീറ്റര്‍കൂടി നീളം വേണമെന്നായിരുന്നു ആവശ്യം. ഇവിടെ പുതുതായി അനുമതി ലഭിച്ചിടത്ത് പാലത്തിന്റെ പൈലിങ് പുരോഗമിക്കുകയാണ്. നേരത്തേ ഇവിടെ പാലത്തോടുചേര്‍ന്ന് മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മിക്കാനായിരുന്നു തീരുമാനം. പാലത്തിനുപകരം മണ്ണിട്ടുയര്‍ത്തിയാല്‍ ഇരുവശത്തും വെള്ളം ഒഴുകിപ്പോകാതെ കെട്ടിനില്‍ക്കും. ഇതുസംബന്ധിച്ച് പരിസരവാസികളുടെ പരാതിയെത്തുടര്‍ന്നാണ് ഇവിടെ 87 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പല കാര്യങ്ങളാല്‍ പണിയില്‍ തടസം നേരിയുകയായിരുന്നു. തിമിര്‍ത്തുപെയ്ത മഴയും നിര്‍മാണ പ്രവര്‍ത്തനത്തെ ബാധിച്ചു.മേയ് അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇന്നത്തെ നിലയില്‍ ബൈപാസ് നിര്‍മാണം അടുത്ത മാര്‍ച്ച് കഴിയുമെന്നാണ് സൂചന.
അഴിയൂരില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം നീണ്ടാല്‍ പദ്ധതിയുടെ പൂര്‍ത്തീകരണം പിന്നെയും വൈകും. ഇപ്പോള്‍ മുഴപ്പിലങ്ങാട് മുതല്‍ ബാലം വരെയും ബാലം മുതല്‍ മാഹി വരെയും റോഡ് നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍ പലയിടത്തും സര്‍വീസ് റോഡ് നിര്‍മാണം പാതിവഴിയിലാണ്. ചിലയിടങ്ങളില്‍ റോഡിന് ഭൂമിയേറ്റെടുപ്പ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. പാലയാട്ടുനിന്ന് നിട്ടൂര്‍ വരെ 900 മീറ്റര്‍ നീളത്തില്‍ ബൈപാസിലെ ഏറ്റവും വലിയ പാലം നിര്‍മാണം പൂര്‍ത്തിയായി. ബൈപാസ് നിര്‍മാണത്തിന്റെ 88 ശതമാനം ജോലികള്‍ ഇതുവരെ പൂര്‍ത്തിയായി. ആകെയുള്ള 18.6 കിലോമീറ്റര്‍ റോഡില്‍ രണ്ടു കിലോമീറ്റര്‍ മാത്രമാണ് ടാറിങ് നടത്താന്‍ ബാക്കിയുള്ളത്. അഞ്ചരക്കണ്ടിപ്പുഴയ്ക്ക് കുറുകെ മുഴപ്പിലങ്ങാടിനെ ചിറക്കുനിയുമായി ബന്ധിപ്പിക്കുന്ന 420 മീറ്റര്‍ നീളമുള്ള പാലം നിര്‍മാണവും പൂര്‍ത്തിയായി. എരഞ്ഞോളിപ്പുഴയ്ക്ക് കുറുകെയുള്ള പാലം നിര്‍മാണവും ടാറിങും പൂര്‍ത്തിയായി.

കവിയൂര്‍ മുതല്‍ മാഹിവരെയുള്ള 870 മീറ്റര്‍ പാലത്തിന്റെ ടാറിങ്ങും പൂര്‍ത്തിയായിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ റോഡ് അടയാളപ്പെടുത്തി മെറ്റല്‍ ബീം ക്രാഷ് ബാരിയര്‍ തുടങ്ങിയവ സ്ഥാപിച്ചുകഴിഞ്ഞു. 22 അടിപ്പാതകളുടെയും നിര്‍മാണം പൂര്‍ത്തിയായി. ദേശീയപാതയില്‍ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ വരെയാണ് ബൈപാസ് നിര്‍മിക്കുന്നത്.ഉത്തരകേരളത്തിലെ ആദ്യ നാലുവരി പാതയായ തലശ്ശേരി-മാഹി ബൈപ്പാസ് 1300 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. 18.6 കിലോമീറ്ററാണ് ബൈപാസിന്റ നീളം. 2017 ഡിസംബറിലാണ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. എറണാകുളത്തെ രണ്ടുനിര്‍മ്മാണ കമ്പനികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഉത്തരമലബാറിന്റെ വികസനത്തില്‍ വലിയ കുതിപ്പുണ്ടാക്കുന്നതും ഗതാഗതത്തെ ത്വരിതപ്പെടുത്തുന്നതുമായ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ടൂറിസം തുടങ്ങിയ മേഖലകള്‍ക്കും അത് മുതല്‍ക്കൂട്ടാവും.

Related posts

തെരുവുനായ ആക്രമണം: സൗജന്യചികിത്സ നൽകണമെന്ന് ഹൈക്കോടതി.*

Aswathi Kottiyoor

ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണം: സിപിഐ എം

Aswathi Kottiyoor

സൗരയൂഥപ്പിറവി തേടി ലൂസി പുറപ്പെടുന്നു.

Aswathi Kottiyoor
WordPress Image Lightbox