ഇരിട്ടി: നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച നിരവധി പരാതികൾ നിലനിൽക്കേ തലശ്ശേരി – വളവുപാറ റോഡിലെ രണ്ടാം റീച്ചിൽ പെട്ട കൾറോഡ് – വളവുപാറ റോഡ് കെ എസ് ടി പി മരാമത്ത് റോഡ്‌സ് വിഭാഗത്തിന് കൈമാറി. 53.970 കീലോമീറ്റർ ദൂരം വരുന്ന റോഡിൽ 25.200 കിലോമീറ്റർ ദൂരം വരുന്ന റീച്ചാണ് കൈമാറിയത്. ഈ റീച്ചിന്റെ നിർമാണവും ഗ്യാരണ്ടി കാലാവധിയും പൂർത്തീകരിച്ചതിനെ തുടർന്നാണ് കെ എസ് ടി പി മരാമത്ത് റോഡ്‌സ് വിഭാഗത്തിനു കൈമാറിയത്.
എന്നാൽ ഈ റീച്ചിൽ വരുന്ന പാലങ്ങൾ കൈമാറിയിട്ടില്ല. ഇതിൽ കൂട്ടുപുഴ പാലം ഒഴികെയുള്ള ഇരിട്ടി, ഉളിയിൽ പാലങ്ങൾ ഉടൻ മരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനും കൈമാറും. കൂട്ടുപുഴ പാലം കർണാടകയുടെ തടസ്സം മൂലം വൈകിയാണ് പണി പൂർത്തിയാക്കിയത്. കഴിഞ്ഞ ജനുവരി 31ന് ഗതാഗതത്തിന് തുറന്നു കൊടുത്ത പാലത്തിന്റെ ഗ്യാരണ്ടി കാലാവധി അവസാനിച്ചിട്ടില്ല. ഗ്യാരണ്ടി സമയം കഴിയുന്നതോടെ മാത്രമാണ് ഈ പാലം കൈമാറുക.
ഒന്നാം റീച്ചിൽ പെട്ട തലശ്ശേരി മുതൽ കൾറോഡ് വരെ വരുന്ന 28.77 കിലോമീറ്റർ റോഡിൽ മട്ടന്നൂർ നഗരത്തിന്റെ നവീകരണം ഉൾപ്പെടെ പ്രവൃത്തികൾ പൂർത്തിയാകാനുള്ളതിനാൽ ഇതിനു ശേഷം മാത്രമാണ് കൈമാറ്റം നടക്കുക. ഇതേ സമയം മരാമത്തിനു കൈമാറിയ നിരവധി പരാതികൾ ഉയർന്നിരുന്നു. റോഡ് നിർമ്മാണത്തിലെയും ഓവുചാലുകളുടെയും നിർമ്മാണത്തിലെ അപാകതകൾ മൂലം പല ഭാഗങ്ങളിലും മഴക്കാലത്ത് വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന അവസ്ഥയുണ്ട്. ഏറെ പരാതികൾ ഉയർന്ന കൾറോഡ് – വളവുപാറ റീച്ചിലെ സൗരോർജ വഴിവിളക്കുകളും സിഗ്നൽ ലൈറ്റുകളും കെഎസ്ടിപിയുടെ നിയന്ത്രണത്തിൽ തന്നെയാണ് ഉള്ളത്. ഇവ അതതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് കൈമാറേണ്ടത്. സൗരോർജ വഴി വിളക്കുകൾ ഭൂരിഭാഗവും കത്തുനന്നില്ലെന്നും ബാറ്ററികൾ കവചം തുരുമ്പിച്ചു യാത്രക്കാരുടെ തലയിൽ പതിക്കുന്ന വിധത്തിലാണെന്നും നേരത്തേ പരാതി ഉയർന്നിരുന്നു. സ്ഥാപിച്ചത് മുതൽ ഒരു ദിവസം പോലും കത്താത്ത നിരവധി വിളക്കുകൾ ഈ കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തിൽ പരാതികൾ പരിഹരിച്ചു കൈമാറിയാൽ മാത്രമേ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കൂ എന്ന സ്ഥിതിയുണ്ട്.
367.68 കോടി രൂപ ചെലവിൽ ലോക ബാങ്ക് സഹായത്തോടെയാണ് നേരത്തേ മരാമത്തിന്റെ കൈവശം ഉണ്ടായിരുന്ന തലശ്ശേരി – വളവുപാറ റോഡ് കെഎസ്ടിപി പദ്ധതിയിൽ പെടുത്തി നവീകരിച്ചത്. എന്നാൽ പ്രവൃത്തി നിശ്ചയിച്ചതിലും ഒരു പതിറ്റാണ്ടിലധികം വൈകി. ഇത് വ്യാപക വിമർശനത്തിനു കാരണമായി. 2013 ജൂൺ 1 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രവൃത്തി ഉദ്ഘാടനം ചെയ്‌തെങ്കിലും പ്രവൃത്തി സമയബന്ധിതമായി കരാറുകാർക്ക് നടത്താനായില്ല. ഇതിനെത്തുടർന്ന് ഈ കരാറുകാരെ കെഎസ്ടിപി ഒഴിവാക്കി. 2016 ൽ നിർദ്ദിഷ്ട റോഡ് 2 റീച്ചുകൾ ആക്കി പണി തുടങ്ങിയെങ്കിലും ഇഴഞ്ഞു നീങ്ങിയതിനെത്തുടർന്ന് സമയപരിധി പല തവണ നീട്ടി നൽകേണ്ടി വന്നു. കൈമാറിയ റീച്ചിൽ 19-ാം മൈലിൽ ബാക്കിയുളള പ്രവൃത്തി കെഎസ്ടിപി നേരിട്ടു നടത്തുന്നുണ്ട്. ഈ റീച്ചിൽ 8 സ്ലാബ് കൾവർട്ടും 29 ബോക്‌സ് കൾവെർട്ടും 13 പൈപ്പും കൾവർട്ടും പണിതിട്ടുണ്ട്. 7 മീറ്റർ ഗതാതത്തിനു സാധ്യമാകുന്ന വിധത്തിൽ 10 മീറ്റർ വീതിയിൽ ആണ് ടാറിങ് നടത്തിയത്. ഇരു വശത്തും ഓരോ മീറ്റർ മൺപാതയും കാൽനടക്കായി പണിതു. ടൗണുകളിൽ ലഭ്യമായ മുഴുവൻ സ്ഥലവും ഉപയോഗപ്പെടുത്തിയാണ് ടാറിങ് നടത്തിയത്. മരാമത്തിന് കൈമാറിക്കഴഞ്ഞ കൾറോഡ് – വളവുപാറ റീച്ചിൽ ഇനി ആവശ്യമായി വരുന്ന പ്രവൃത്തികൾ ചെയ്യേണ്ടത് മരാമത്ത് റോഡ്‌സ് വിഭാഗമാണ്.
previous post