ലോക പേ വിഷബാധ ദിനത്തോടനുബന്ധിച്ച് (സെപ്റ്റംബർ 28) ഈ മാസം വിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് മാസം ആയി മൃഗസംരക്ഷണ വകുപ്പ് ആചരിക്കും. അതിന്റെ ഭാഗമായി എല്ലാ തെരുവുനായ്ക്കൾക്കും പേ വിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് നൽകുകയാണ് ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷനുകൾ, നായ് പിടുത്തക്കാർ, മൃഗക്ഷേമ രംഗത്തെ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് വ്യാപകമാക്കാനുള്ള നടപടികൾ സ്വീകരിക്കും. തെരുവ് നായ്ക്കൾക്ക് നൽകുന്ന വാക്സിനേഷന് യാതൊരു തരത്തിലുള്ള ഫീസും ഈടാക്കുന്നതല്ല.
ആനിമൽ ഫിഡേഴ്സിന്റെ സഹായത്താൽ ഹാൻഡ് ക്യാച്ചിങ് സാധ്യമല്ലാത്ത ഇടങ്ങളിൽ നായ്ക്കളെ പിടിക്കാൻ ഡോഗ് ക്യാച്ചർ മാരുടെ സഹായം തേടുന്നതിനുള്ള നടപടികൾ സ്വീകരിക്കും.പുതിയ ലൈവ്സ്റ്റോക്ക് സെൻസസ് അനുസരിച്ച് സംസ്ഥാനത്ത് ഏതാണ്ട് മൂന്ന് ലക്ഷത്തോളം (2,89,996) തെരുവുനായ്ക്കളാണിള്ളത്. ഏറ്റവും കൂടുതൽ തെരുവുനായ്ക്കള്ള ജില്ല കൊല്ലമാണ്. 50,869 നായ്ക്കൾ. ഏറ്റവും കുറവ് വയനാട്- 6907 നായ്ക്കൾ. 2021-2022 സാമ്പത്തിക വർഷത്തിൽ 1,94,061 നായ്ക്കൾക്ക് പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
തെരുവ് നായ്ക്കളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം- 47829, കൊല്ലം-50869, പത്തനംതിട്ട-14080, ആലപ്പുഴ-19249, കോട്ടയം-9915, ഇടുക്കി-7375, എറണാകുളം-14155, തൃശൂർ-25277, പാലക്കാട്-29898, മലപ്പുറം-18554, കോഴിക്കോട് -14044, വയനാട്- 6907, കണ്ണൂർ-23666, കാസർകോട്- 8168.