കെഎസ്ആർടിസിയെ മൂന്ന് മേഖല (സോണൽ) കളായി വിഭജിക്കാൻ പദ്ധതി. ഓരോ മേഖലകളും ലാഭ കേന്ദ്രങ്ങളായിപ്രവര്ത്തിക്കാന് ആവശ്യമായ നടപടി സ്വീകരിക്കാനുമാണ് നീക്കം. ഇപ്പോൾ എല്ലാം തിരുവനന്തപുരത്തെ ചീഫ് ഓഫീസ് കേന്ദ്രീകരിച്ചാണ് നിയന്ത്രിക്കുന്നത്.
ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായാൽതന്നെ കോർപറേഷന്റെ പ്രവർത്തനങ്ങളെ ലളിതവും സുതാര്യവുമാക്കാനും ലാഭകരമായ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനും അവസരമുണ്ടാകും. ഇത്തരത്തിലുള്ള അധികാര വികേന്ദ്രീകരണം ആവശ്യമാണ് എന്ന നിലപാടാണ് സർക്കാരിനും. ബോർഡിന്റെ ഈ തിരുമാനം അംഗീകൃത തൊഴിലാളി സംഘടനകളുമായുള്ള യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് സോണൽ ഓഫീസുകളുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ് ഓരോ മേഖലയുടെയും ചുമതലക്കാർ. എറണാകുളം മേഖലയുടെ ചുമതല എക്സിക്യൂട്ടീവ് ഡയറക്ടർക്കും പകരം ഡിടിഒയ്ക്കാണ്.
ഓരോ മേഖലയിലെയും ഭരണം, വിജിലൻസ്, സ്ഥലം മാറ്റം, നിയമനം, സർവീസ് ഓപ്പറേഷൻ എന്നിവ മേഖല എക്സിക്യൂട്ടീവ് ഡയറക്റുടെ ചുമതലയായിരുന്നു. എന്നാൽ കഴിഞ്ഞ ജൂലൈയിൽ സർവീസ് ഓപ്പറേഷൻ ഒഴികെയുള്ള ചുമതലകൾ മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർമാരിൽ നിന്നും എടുത്തു മാറ്റിയിരുന്നു.
ജില്ലാ തലത്തിൽ ഡിസ്ടിക്ട് കോമൺ പൂളുകൾ (ഡിസിപി) രൂപീകരിക്കുകയും ബസുകളുടെ ചുമതല ഡിസിപി മേധാവികൾക്കാക്കുകയും ചെയ്തു.
കെഎസ്ആർടിസിയെ 26 ക്ലസ്റ്ററുകളായി വിഭജിക്കുകയും ഡിപ്പോകളെ ഓപ്പറേറ്റിംഗ് സെന്ററുകളാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു മേഖലകളായി വിഭജിക്കാനും ഓരോ മേഖലകളും ലാഭകേന്ദ്രങ്ങളാക്കി മാറ്റാനുമുള്ള പദ്ധതി തയാറാക്കായിരിക്കുന്നത്. മേഖല കേന്ദ്രങ്ങളുടെ ചുമതലക്കാരായ എക്സിക്യൂട്ടീവ് ഡയറക്ടർമാരെ, ചുമതലയിൽ നിന്നൊഴിവാക്കാനും പകരം കെഎഎസുകാരെ നിയമിക്കാനും നീക്കമുണ്ടെന്നറിയുന്നു.
മൂന്നു മേഖലകളായി വിഭജിച്ച് അവയെ ലാഭ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന ഡയറക്ടർ ബോർഡ് തീരുമാനമെടുത്തെങ്കിലും മേഖലകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എക്സിക്യൂട്ടീവ് ഡയറക്ടർമാരിൽ നിന്നൊഴിവാക്കിയ ചുമതലകൾ തിരിച്ചു നല്കാനും അർധ സ്വയംഭരണാധികാരത്തോടെ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനും അധികാരം നല്കാനാണ് സാധ്യത.