ഇരിട്ടി: ഇരിട്ടി മേഖലയിൽ വിവിധ സംഘടനകളുടേയും, ക്ളബ്ബുകളുടെയും, സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ രീതിയിലുള്ള ഓണാഘോഷ പരിപാടികൾ നടന്നു
എടക്കാനം അർജുന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആഗസ്ത് 15 മുതൽ ആരംഭിച്ച ഓണാഘോഷ പരിപാടിയുടെ
സമാപന സമ്മേളനവും ഓണം മെഗാ പ്രോഗ്രാമും എടക്കാനം എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ. മുരളീധരൻ അധ്യക്ഷനായി. സിനിമാ – ടിവി താരം കെ.പി. തുഷാര വിജയികൾക്കുള്ള സമ്മാന ദാനം നിർവഹിച്ചു. നഗരസഭ കൗൺസിലർ എൻ. സിന്ധു, സന്തോഷ് കോയിറ്റി, പി. അനൂപ്, എം. ശ്രീനിവാസൻ, പി. എസ്.സുരേഷ് കുമാർ, വി.എം. പ്രശോഭ് എന്നിവർ സംസാരിച്ചു. കമ്പവലി, ഓണത്തല്ല്, പഞ്ചഗുസ്തി മത്സരങ്ങളും തുടർന്ന് തിരുവാതിരയും, പുന്നാട് പൊലികയുടെ നാടൻപാട്ടരങ്ങും അരങ്ങേറി.
ചെറുവോട് ശ്രീകോവിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മാടത്തിൽ മെർലാക്ക് ഭവനിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഇരിട്ടി നഗരസഭ കൗൺസിലർ പി. രഘു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീജ അധ്യക്ഷയായി. പി.മിനി, ബി.അമൃത, കെ.ശാന്ത, മെർലാക് ഭവൻ സൂപ്രണ്ട് സിസ്റ്റർ ജെസ്സി എന്നിവർ സംസാരിച്ചു. ഓണസദ്യയും തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെയും മെർലാക് ഭവൻ അന്തേവാസികളുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.
ആറളം ഏച്ചില്ലം ഗ്രാമോദയം വായനശാലയുടെ നേത്യത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രദേശത്തെ മുഴുവൻ വീടുകളിലേയും അടുക്കളയ്ക്ക് അവധി നൽകി തിരുവോണദിവസത്തെ ഓണസദ്യയുൾപ്പെടെയുള്ള മുഴുവൻ സമയ ഭക്ഷണവും വായനശാലയിൽ ഒരുക്കിയാണ് ഗ്രാമത്തിൽ ഓണമാഘോഷിച്ചത്. വൈകീട്ട് നടന്ന സാംസ്ക്കാരികസമ്മേളം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറളംപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജേഷ് അധ്യക്ഷനായി. മെഡിക്കൽ പരീക്ഷയിൽ ഉന്നതവിജയം നേടിയ ഡോ. അഞ്ജലീന ജോസഫ് ,സി എ പരീക്ഷയിൽ ഉന്നതവിജയം നേടിയ സിന്ദൂര പ്രിയ, എസ് എസ് എൽ സി – പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് തിരുവാതിര, നൃത്തനൃത്ത്യങ്ങൾ, സംഗീതനിശ എന്നിവ അരങ്ങേറി.