ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധം കാരണം ഇന്ത്യയില്‍ തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. പഠനം തുടരാനുള്ള യുക്രൈന്‍ സര്‍വ്വകലാശാലകളുടെ ബദല്‍ നിര്‍ദേശം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അംഗീകരിച്ചു. ഇത് പ്രകാരം യുക്രൈനിന് പുറത്ത് മറ്റ് രാജ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാം.
യുക്രൈനിലെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥികളായി തുടര്‍ന്ന് മറ്റ് രാജ്യത്ത് പഠനം പൂര്‍ത്തിയാക്കാം എന്ന സാധ്യതയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. ഇതിനുള്ള സൗകര്യമൊരുക്കുക നിലവില്‍ പഠിക്കുന്ന സര്‍വ്വകലാശാലയായിരിക്കും. എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ഇക്കാര്യത്തില്‍ ആവശ്യമായിരുന്നു. അതു കൂടി ലഭിച്ചതോടെ പുതിയ സെമസ്റ്ററില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ക്ലാസുകളിലെത്തി പഠനം തുടരാന്‍ കഴിയും.
യുക്രൈന്‍ മുന്നോട്ട് വെച്ച അക്കാദമിക് മൊബിലിറ്റി പദ്ധതിയ്ക്ക് അനുമതി നല്‍കേണ്ട എന്ന് നേരത്തേ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ഇതോടെ, യുദ്ധം കാരണം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇരുപതിനായിരത്തോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലായി. പഠന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിദേശ കാര്യ മന്ത്രാലയവുമായിക്കൂടി ചര്‍ച്ച നടത്തി മെഡിക്കല്‍ കൗണ്‍സില്‍ അക്കാദമിക് മൊബിലിറ്റി പദ്ധതിയ്ക്ക് അനുമതി നല്‍കിയത്.എന്നാല്‍ യുക്രൈന് പുറത്തുള്ള മറ്റ് സര്‍വ്വകലാശാലകളിലേയ്ക്ക് മാറുമ്പോള്‍ ഫീസ് നിരക്കില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ട്.