സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടു നല്‍കിവരുന്ന തുക ഓണം കഴിഞ്ഞു വരുന്ന അധ്യയന ദിവസങ്ങളില്‍ കാലാനുസൃതമായ വര്‍ധിപ്പിച്ച് ഉത്തരവു നല്‍കുമെന്നും മുട്ടയ്ക്കും പാലിനും പ്രത്യേകമായി തുക വകയിരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞദിവസം മന്ത്രി വിളിച്ചുകൂട്ടിയ അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഉറപ്പു ലഭിച്ചത്.
ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പ്രഥമാധ്യാപകര്‍ നേരിട്ടുകൊണ്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടുംബശ്രീപോലെയുള്ള ഏജന്‍സികളെ ഏല്പിക്കുന്നതിനോടു ഗവണ്മെന്റിനു യോജിപ്പില്ലെന്നു മന്ത്രി വ്യക്തമാക്കി. പ്രധാനാധ്യാപകര്‍ തന്നെ ഇതിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കണം.
പുനര്‍വിന്യസിക്കപ്പെടുന്ന അധ്യാപകരുടെ ശമ്പളം തടയാതിരിക്കാന്‍ ആവശ്യമായ ഉത്തരവുണ്ടാകുമെന്നും ഭിന്നശേഷി സംവരണം സംബന്ധിച്ചുള്ള നിയമന അനിശ്ചിതത്വത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി പരിശോധിച്ച് ഉടനെ പരിഹാര ഉത്തരവുണ്ടാകുമെന്നും യോഗത്തില്‍ വ്യക്തമാക്കി.