ഓണത്തെ വരവേൽക്കാനുള്ള തിരക്കിലലിഞ്ഞ് കണ്ണൂർ നഗരം. തിരുവോണത്തിനുമുമ്പുള്ള ഞായറാഴ്‌ച കണ്ണൂർ നഗരത്തിൽ വൻജനത്തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടു വർഷങ്ങൾക്കിപ്പുറം കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ആദ്യ ഓണത്തെ ആഘോഷമാക്കാനുള്ള ആവേശത്തിലാണ് നഗരം.
നടപ്പാതകളിലെല്ലാം വൈകിട്ടോടെ ജനത്തിരക്കേറി. പൊലീസ് മൈതാനിയിലും പരിസരത്തുമാണ് വലിയ തിരക്ക്. ജില്ലാപഞ്ചായത്ത് വിപണന മേള, കൈത്തറി മേള, ദിനേശ് മേള, ഓണം ഫെയർ തുടങ്ങിയവയെല്ലാം നടക്കുന്ന മൈതാനിയിൽ ജനങ്ങളുടെ ഒഴുക്കായിരുന്നു. കണ്ണൂർ പഴയബസ് സ്‌റ്റാൻഡ്, കേരള ബാങ്ക് പരിസരങ്ങളിലും സ്‌റ്റേഡിയം കോർണറിലും വഴിയോരക്കച്ചവടം പൊടിപൊടിച്ചു. ഉത്തരേന്ത്യയിൽനിന്നെത്തിയ ഫാൻസി കമ്മൽ, മാല വിൽപ്പനക്കാരാണ് വഴിനീളെ. തമിഴ്‌നാട്ടിൽനിന്നെത്തിയ വസ്ത്രക്കച്ചവടക്കാരും ഭൂരിഭാഗം ഇടങ്ങളിലും വിൽപ്പന നടത്തുന്നുണ്ട്. ബെഡ്‌ഷീറ്റുകൾക്ക് പുറമേ, ലേഡീസ് കുർത്തികൾ, കുട്ടികളുടെ വസ്‌ത്രങ്ങൾ തുടങ്ങിയവയുടെ വൻവിൽപ്പനയാണ് നടക്കുന്നത്.
വീട്ടുപകരണങ്ങളുടെ കച്ചവടവും വഴിയോരത്ത് തകൃതിയായി നടക്കുന്നുണ്ട്. മൺപാത്രങ്ങളും സ്‌റ്റീൽ പാത്രങ്ങളും അടുക്കള ഉപകരണങ്ങളും അലങ്കാര വസ്‌തുക്കളും കളിപ്പാട്ടങ്ങളും റോഡരികിൽ നിറഞ്ഞു. നഗരത്തിലെ തുണിക്കടകളിലും പലവ്യഞ്ജനക്കടകളിലും പച്ചക്കറിക്കടകളിലും ബേക്കറികളിലും ഹോട്ടലുകളിലും വലിയ തിരക്കാണുണ്ടായത്. കണ്ണൂർ പഴയ ബസ് സ്റ്റാൻറിനകത്ത് പൂവിപണിയും സജീവമായി. കൂടുതൽ വാഹനങ്ങൾ നഗരത്തിലേക്ക് എത്തിയതോടെ അൽപ്പം ഗതാഗതക്കുരുക്കുണ്ടായി. തിരക്കുള്ള കേന്ദ്രങ്ങളിൽ പൊലീസ് വാഹനം നിയന്ത്രിച്ചതിനാൽ കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാനായി.