അന്തര്‍സംസ്ഥാന ബസുകള്‍ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് ഇതരസംസ്ഥാനങ്ങളില്‍നിന്നു നാട്ടിലേക്കെത്തുന്ന മലയാളികൾക്ക് ഇരട്ടിയിലധികം തുക മുടക്കേണ്ട സാഹചര്യമാണിപ്പോൾ.
ഓണാവധിയോടനുബന്ധിച്ച് ബസുകള്‍ അനിയന്ത്രിതമായാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ബസുകളുടെ അമിത നിരക്ക് ഈടാക്കൽ അവസാനിപ്പിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്.
നിലവില്‍ ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3,500 രൂപയോളമാണ് ഭൂരിഭാഗം ട്രാവല്‍സും ഈടാക്കുന്നത്. ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവും ഉള്ളതിനാൽ ബസുകളെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് മിക്കവരും.
കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ട്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന അവധിക്കു ശേഷം തിരികെ പോകാൻ ട്രെയിന്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ ഈ പ്രതിസന്ധികാലത്ത് വന്‍ തുക ബസ് ചാർജ് ഇനത്തിൽ തന്നെ ചെലവാക്കേണ്ടിവരുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
ഉത്സവകാലങ്ങളിലെ തോന്നുംപടിയുള്ള ടിക്കറ്റ് നിരക്കു വർധന നിയന്ത്രിക്കുകയും നിശ്ചിത നിരക്ക് നടപ്പാക്കുകയും വേണം. ഒപ്പം ഉത്സവ സീസണുകളിൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കുകയും അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടുകയും വേണമെന്ന ആവശ്യവും ശക്തമാണ്. ഹൈദരാബാദ് ഉൾപ്പെടെയുള്ള മറ്റു നഗരങ്ങളിലും സമാന സാഹചര്യമാണു നിലനില്‍ക്കുന്നത്