സൈന്യത്തിലെ കരാർവൽക്കരണത്തോട് മുഖംതിരിഞ്ഞ് സംസ്ഥാനത്തെ യുവജനങ്ങൾ. അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയപ്പോൾ 14 ജില്ലയിൽനിന്ന് ആകെ ലഭിച്ചത് 51,071 അപേക്ഷകൾ. തിരുവനന്തപുരം ആർമി റിക്രൂട്ട്‌മെന്റ് ഓഫീസിനു കീഴിൽ 24,214 പേരും കോഴിക്കോട് 26,857 പേരും. തൊട്ടുമുമ്പ് സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് റാലി നടന്നപ്പോൾ 95,000 പേർ അപേക്ഷിച്ചിരുന്നിടത്താണിത്.
സൈനിക ജോലികൾ കരാർവൽക്കരിക്കാനാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി കൊണ്ടുവന്നത്. പതിനേഴര മുതൽ 23 വയസ്സുവരെയുള്ളവർക്കാണ് അവസരം. നാല് വർഷത്തേക്കാണ് നിയമനം. തുടർന്ന് 25 ശതമാനമാളുകളെ മാത്രമാണ് സൈന്യത്തിൽ നിലനിർത്തുക. അഗ്നിവീർ ജനറൽ ഡ്യൂട്ടി, ട്രേഡ്‌സ്‌മെൻ, ക്ലർക്ക്, സ്റ്റോർകീപ്പർ ടെക്‌നിക്കൽ, ടെക്‌നിക്കൽ ഗ്രേഡ് തസ്തികകളിലാണ് നിയമനം. കൊല്ലത്തും കോഴിക്കോടുമായി നവംബറിലാണ് റിക്രൂട്ട്‌മെന്റ് റാലി. ഡിസംബറോടെ നിയമന നടപടികൾ പൂർത്തീകരിക്കും.
കോവിഡിനിടെ റിക്രൂട്ട്‌മെന്റ് നടക്കാതിരുന്നതിനാലാണ് കഴിഞ്ഞ തവണ അപേക്ഷകരുടെ എണ്ണം ഒരുലക്ഷത്തോട് അടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം. കരാർവൽക്കരണം പ്രഖ്യാപിച്ചതിനെതിരെ കേരളത്തിലടക്കം രാജ്യമെങ്ങും വലിയ പ്രതിഷേധമുയർന്നിരുന്നു.