മങ്കയം ഇക്കോടൂറിസം സന്ദർശിക്കാനെത്തിയ നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ പത്ത് പേർ ഒഴുക്കിൽപ്പെട്ടു. എട്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഒരു കുട്ടി മരണമടഞ്ഞു. ഒരു സ്‌ത്രീയെ കാണാനില്ല, തിരച്ചിൽ തുടരുന്നു. ഞായറാഴ്‌ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.
നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ ഷഫീഖ്, ഫാത്തിമ, ഉമവുൾ ഫാറൂക്ക്, ആയിഷ, സുനൈന, ഹാജിയ, ഇർഫാൻ, ഷാനിമ, ഐ റോസ്, നസ്രിയ എന്നിവരാണ് മങ്കയത്ത് എത്തിയത്. ഇക്കോ ടൂറിസത്തിൽലേക്ക് പോകാൻ അനുമതി ലഭിക്കാത്തതിനാൽ ചെക്പോസ്റ്റിൽ നിന്ന് കുറച്ചു മാറി വാഴത്തോപ്പ് എന്ന സ്ഥലത്ത് സംഘം കുളിക്കാനിറങ്ങി. ഈ സമയം മങ്കയത്തു മഴ ഇല്ലായിരുന്നു. അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിൽ 10 പേരെയും ഒഴുക്കിക്കൊണ്ട് പോവുകയായിരുന്നു.
ആറ്റിലൂടെ ഒരു കുട്ടി ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആ കുട്ടിയേയും ആറിന്റ പല സ്ഥലങ്ങളിലായി പറ്റിപ്പിടിച്ചിരിക്കുന്ന മറ്റ് ഏഴു പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. സംഘത്തിലെ ഷാനിമ (35), നസ്രിയ (8) എന്നിവർ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ഏറെ തിരച്ചിലുകൾക്ക് ശേഷം നസ്രിയയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാനിബയ്‌ക്ക് ആയി തിരച്ചിൽ തുടരുന്നു. ഇവരുടെ ബന്ധുവായ ഐറൂസ് (6) മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റ് ഏഴുപേർ പാലോട് ഗവൺമെൻറ് ആശുപത്രിയിലുമാണ്. തഹസിൽദാരുടെയും ഡി കെ മുരളി എം എൽ എ യുടെയും നേതൃത്വത്തിൽ തിരച്ചിൽ നടപടികൾ ഊർജിതമാക്കി.