കണ്ണൂർ: സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ആദ്യത്തെ കയാക്കിങ് ടൂറിസം കേന്ദ്രത്തിന് കണ്ണൂരിലെ കാട്ടാമ്പള്ളിയിൽ തുടക്കമായി. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേനെ 1.79 കോടി രൂപ ചെലവിലാണ് കയാക്കിങ് ടൂറിസം സെന്റർ നിർമ്മിച്ചത്. വാട്ടർ ലെവൽ സൈക്കിൾ, പെഡൽ ബോട്ട്, ഇംഫാറ്റിബിൾ ബോട്ടുകൾ ഉപയോഗിച്ചുള്ള റൈഡ്(മുകളിൽ നിന്നും താഴോട്ടു സഞ്ചരിക്കാവുന്ന റബർ ബോട്ടുകൾ) തുടങ്ങി മുപ്പതു കയാക്കിങ് യൂനിറ്റുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
പൂർണമായും വെള്ളത്തിൽ സജ്ജമാക്കിയ കയാക്കിങ് പാർക്ക് സാഹസിക വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ചൈനയിൽ നിന്നുള്ള ബംബർ കാറാണ് ഇതിനുപയോഗിച്ചത്. ഫ്ളോട്ടിങ് നടപാതയും സജ്ജീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്കായി ഭക്ഷണശാല, ദോശകോർണർ, എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇവിടെ കയാക്ക് സ്റ്റോർ, ശുചിമുറി, അടുക്കള, കഫ്റ്റീരിയ, ഇൻഫന്റാബിൽ ബോട്ടുകൾ എന്നിവയാണുള്ളത്. ചുറ്റുമതിൽ, സൗരവിളക്കുകൾ, ഇരിപ്പിടങ്ങൾ, ലാൻഡ്സകേപ്പിങ്, പാർക്കിങ് ഏരിയ, ഇന്റർലോക്കിങ്, ഫ്ളോട്ടിങ് ബോട്ട്ജെട്ടി എന്നിവയും ഒരുക്കിയിട്ടുണ്ട്. തീർത്തും മാലിന്യരഹിതമായിരിക്കും കയാക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം. സമീപഭാവിയിൽ ടൂറിസം കേന്ദ്രത്തിനെ കയാക്കിങ് അക്കാദമിയായി ഉയർത്തും. മന്ത്രി മുഹമ്മദ് റിയാസ് ഓൺ ലൈനായി കയാക്കിങ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ.വി സുമേഷ് എംഎൽഎ, ജില്ലാകളക്ടർ എസ്. ചന്ദ്രശേഖർ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.