2022 ജൂലൈ ആറിന് ഇറങ്ങിയ ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ ജനങ്ങൾക്കു പരാതി നൽകുവാനുള്ള സമയം 22ലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവായി.
അതിജീവനെ സമിതിക്ക് വേണ്ടി കർഷക സംഘടനയായ വീഫാമാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി നൽകുവാനുള്ള സമയം ഈ മാസം ആറിന് അവസാനിക്കുന്നതിനു മുമ്പ് കരട് വിജ്ഞാപനം മലയാളത്തിൽ പരിഭാഷപ്പെടുത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുവാൻ നടപടി ഉണ്ടാകണമെന്ന് കർഷക അതിജീവന സമിതിയുടെ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് അവസാന തീയതി നീട്ടിയത്.
സംസ്ഥാന സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടനുസരിച്ച് കരട് വിജ്ഞാപനത്തിൽ 123 വില്ലേജുകളിലേതായി ചേർത്തിരിക്കുന്ന 9,107ചതുരശ്ര കിലോമീറ്റർ റിസർവ് ഫോറസ്റ്റ് കേരളത്തിലെ മുഴുവൻ വില്ലേജുകളിലെയും ആകെ ഫോറസ്റ്റ് വിസ്തൃതിയാണ്.
അതായത് കരട് വിജ്ഞാപനത്തിൽ സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് അനുസരിച്ച് 123 വില്ലേജുകളിലെ ഫോറസ്റ്റ് മാത്രമായി ഇത് രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ തെറ്റ് സംസ്ഥാനസർക്കാർ തിരുത്തി നൽകിയില്ല എന്നുണ്ടെങ്കിൽ അന്തിമവിജ്ഞാപനത്തോടെ 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും റിസർവ് ഫോറസ്റ്റ് ആയി രൂപാന്തരപ്പെടുന്ന സാഹചര്യമുണ്ടാകും.
അതോടൊപ്പം 123 ഇഎസ്എ വില്ലേജുകളുടെ പേരുകൾ മാറ്റി വില്ലേജുകളിലെ നിലവിലുള്ള വനം ഉൾക്കൊള്ളുന്ന ഭാഗം മാത്രം ചേർത്ത് റിസർവ് ഫോറസ്റ്റ് വില്ലേജുകളായി അന്തിമ വിജ്ഞാപനത്തിൽ പുനർനാമകരണം ചെയ്യണം എന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടണം .
അല്ലാത്തപക്ഷം റവന്യൂ വില്ലേജുകൾ ഇഎസ്എ വില്ലേജുകളായി അന്തിമ വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയാൽ അവിടെ താമസിക്കുന്ന ജനങ്ങൾക്ക് ഭാവിയിലത് ദൂരവ്യാപകമായ നിയമ പ്രശ്നങ്ങൾ വരുത്തിവയ്ക്കുമെന്ന് അതിജീവന സമിതി ഭാരവാഹികൾ അറിയിച്ചു.