തെരുവുനായ് വന്ധ്യംകരണം പുനരുജ്ജീവിപ്പിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുമ്പോൾ പദ്ധതിയിൽനിന്നു മുൻ നിർവഹണ ഏജൻസി കുടുംബശ്രീ പുറത്തായി. 2017 മുതൽ 2021 വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 79,426 നായ്ക്കളെ വന്ധ്യംകരിച്ച കുടുംബശ്രീക്കു വിനയായത് ഹൈക്കോടതി ഉത്തരവാണ്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ (എഡബ്ല്യുഐ) എബിസി നിർവഹണ അംഗീകാരം ഇല്ലാത്തതിനാലാണു കുടുംബശ്രീയെ കോടതി വിലക്കിയത്. എഡബ്ല്യുഐ അംഗീകാരം ലഭിക്കണമെങ്കിൽ ശീതീകരിച്ച ഓപ്പറേഷൻ തിയറ്ററും പ്രീ ഓപ്പറേറ്റീവ് വാർഡും അറ്റൻഡർമാരും നായയൊന്നിന് ഓരോ കൂടും തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഇതു ബുദ്ധിമുട്ടായതിനാൽ പദ്ധതിയുമായി മുന്നോട്ടുപോകാനില്ലെന്നാണ് കുടുംബശ്രീ അധികൃതർ അറിയിച്ചത്. നേരത്തേ നായയൊന്നിന് 2100 രൂപ നിരക്കിലാണ് കുടുംബശ്രീ വന്ധ്യംകരണം നടത്തിയിരുന്നത്. ഇതുവഴി ആകെ 15.42 കോടി രൂപ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ഈടാക്കുകയും ചെയ്തു. തെരുവുനായ് വന്ധ്യംകരണത്തിന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥിരം സംവിധാനമൊരുക്കാനാണു ശ്രമമെന്നും എഡബ്ല്യുഐ നിർദേശിക്കുന്ന അടിസ്ഥാന സൗകര്യങ്ങളോടെ മലപ്പുറത്ത് 7 ഇടത്ത് വൈകാതെ എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. പി.യു.അബ്ദുൽ അസീസ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് എബിസി പദ്ധതി നടത്താൻ എഡബ്ല്യുഐ അംഗീകാരമുള്ള ഏക സംഘടന കോവളത്തു പ്രവർത്തിക്കുന്ന സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷനാണ്.