കേരള സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്) സംഘടിപ്പിച്ച ഓണാഘോഷവും വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യുന്നതുമായ മെറിറ്റോണം- 2022 പരിപാടി റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെസ്നിക് ജനകീയമായി പ്രവർത്തിച്ചുവരുന്ന സമയമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
ആറ് ഏക്കറിലധികം സ്ഥലത്ത് ദേശീയ ഹൗസ് പാർക്ക് എന്ന പദ്ധതി യാഥാർഥ്യമാകുമ്പോൾ രാജ്യത്തിൽത്തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലേക്ക് അത് മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ചെലവ് കുറഞ്ഞ, പരിസ്ഥിതി സൗഹൃദമായ കെട്ടിടനിർമാണം ഉദ്ദേശിക്കുന്ന പാർക്ക് വീട് വെക്കാൻ ആഗ്രഹിക്കുന്നവരേയും നിർമ്മാണപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരേയും ഉൾക്കൊള്ളിച്ച കാമ്പസ് പദ്ധതിയാണ്. ഇതിനായി രണ്ടുകോടി സർക്കാർ വകയിരുത്തിയിട്ടുണ്ട്.
കെസ്നിക് ജീവനക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, പി.ജി പരീക്ഷകളിൽ മികച്ച വിജയം നേടിയവർ മന്ത്രിയിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങി.
ബെസ്റ്റ് പെർഫോമൻസ്, ഓവറോൾ പെർഫോമൻസ് അവാർഡുകൾ നിർമ്മിതി കേന്ദ്രയുടെ വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.
കെസ്നിക് ഡയറക്ടർ ഫെബി വർഗീസ്, ചീഫ് ടെക്നിക്കൽ ഓഫീസർ ആർ. ജയൻ തുടങ്ങിയവർ സംസാരിച്ചു.