വടക്കേ ഇന്ത്യയിൽനിന്നുള്ള ടൂർ പാക്കേജിൽ മൂന്നാറിനും തേക്കടിക്കും ആലപ്പുഴയ്ക്കുമൊപ്പം വാഗമണും ഉൾപ്പെടുത്താൻ തീരുമാനം. വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഗമണ്‍ മണ്‍സൂണ്‍ വിനോദയാത്രയിലാണ് ഇതുസംബന്ധിച്ചു തീരുമാനമായത്.
മഹായാത്ര ട്രാവൽസ് ഡയറക്ടർ എൻ.ജി. കിരണിന്റെ സഹായത്തോടെയാണ് ഏജൻസികൾ വാഗമണ്ണിൽ സന്ദർശനത്തിനായി എത്തിയത്. ഇതോടെ പ്രകൃതിരമണീയമായ വാഗമണിലേക്ക് ഇനി ആഭ്യന്തര സഞ്ചാരികൾക്കു പുറമേ ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും സഞ്ചാരികൾ ഒഴുകിയെത്തും.രണ്ടു ദിവസം വാഗമണിൽ താമസിച്ചുള്ള പാക്കേജ്, ഹണിമൂണ്‍ പാക്കേജ് എന്നിവയാണു പ്രധാനമായും ഉൾപ്പെടുത്തുന്നത്. ഇതുകൂടാതെ വാഗമണ്‍ പ്രദേശവാസികളെ ഉൾപ്പെടുത്തി ഉത്തരവാദിത്വ ടൂറിസത്തിനു മുൻഗണന നൽകും.
മൊട്ടക്കുന്നും പൈൻവാലിയും മാത്രം കണ്ടുമടങ്ങാതെ രണ്ടു മൂന്നു ദിവസം വാഗമണിൽ താമസിച്ച് മഴയുടെയും മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിച്ച് വിവിധ ഡെസ്റ്റിനേഷനുകൾ കാണുന്നതിനാണ് അവസരമൊരുക്കുന്നത്.ചെറുതും വലുതുമായ ഏതാണ്ട് 30ലധികം ഡെസ്റ്റിനേഷനുകൾ വാഗമണിലുണ്ട്. ഇത് സഞ്ചാരികൾക്ക് അറിയില്ല, പലർക്കും എത്തിപ്പെടാനുളള മാർഗവും അറിയില്ല. ഇവരെ വിവിധ ഡെസ്റ്റിനേഷനുകളിൽ എത്തിക്കുന്നതിനായി ഹോട്ടലുകളും റിസോർട്ടുകളും പാക്കേജുകൾ ഒരുക്കാനും ടൂറിസം മീറ്റിൽ തീരുമാനമായി.
വിദേശത്തും സ്വദേശത്തുമുള്ളവർക്ക് വാഗമണിലെ ടൂറിസം മേഖലയിൽ നിക്ഷേപം നടത്താനുള്ള സംവിധാനം ഒരുക്കാനും തീരുമാനമായി. ഇപ്പോൾ വാഗമണിലേക്കും പ്രധാന ഡെസ്റ്റിനേഷനിലേക്കുമുള്ള റോഡുകൾ പൂർണമായും തകർന്നിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽ നിന്നും വാഗമണിലേക്കുള്ള പ്രധാന റോഡ് ഒരു വർഷമായി തകർന്നിരിക്കുകയാണ്. ഇക്കാര്യം ടൂറിസം-പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനും തീരുമാനമായി.
ടൂറിസം മീറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസമായി നടന്ന വിനോദയാത്രാ പരിപാടിയിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽനിന്നും ടൂറിസം മേഖലയിലെ സംരംഭകരായ നൂറിൽപ്പരം ടൂർ ഓപ്പറേറ്റേഴ്സും ട്രാവൽ ഏജന്റുമാരും പങ്കെടുത്തു.
വാഗമണിലെ പ്രമുഖ റിസോർട്ടുകളുടെ നേതൃത്വത്തിൽ ടൂറിസം മീറ്റും ഡെസ്റ്റിനേഷൻ യാത്രയുമായിരുന്നു പ്രധാന പരിപാടികൾ. വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സ് പ്രസിഡന്റും ഫോഗിനോൾസ് ജനറൽ മാനേജരുമായ ജോബി ജോസ്, സെക്രട്ടറിയും ഓറഞ്ച് വാലി ഹിൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സൂരജ് വർഗീസ് പുല്ലാട്ട് എന്നിവർ നേതൃത്വം നൽകി.