24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഹണിട്രാപ്പ്; ദമ്പതിമാര്‍ക്ക് വലിയ ആരാധകര്‍, പരാതിക്കാരന്‍ ഓടിരക്ഷപ്പെട്ടത് മൂത്രമൊഴിക്കാനെന്നപേരില്‍
Kerala Uncategorized

ഹണിട്രാപ്പ്; ദമ്പതിമാര്‍ക്ക് വലിയ ആരാധകര്‍, പരാതിക്കാരന്‍ ഓടിരക്ഷപ്പെട്ടത് മൂത്രമൊഴിക്കാനെന്നപേരില്‍

പാലക്കാട്: പ്രലോഭനത്തട്ടിപ്പിലൂടെ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ സാമ്പത്തികസ്ഥാപന ഉടമയില്‍നിന്ന് സ്വര്‍ണവും പണവും കാറും കൈക്കലാക്കിയ കേസില്‍ കൊല്ലം സ്വദേശിനിയും ഭര്‍ത്താവുമുള്‍പ്പെടെ ആറുപേരെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാസ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ചരാവിലെ കാലടിയിലെ ലോഡ്ജില്‍നിന്നാണ് ആറുപേരെയും പാലക്കാട് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്.

28-നാണ് കേസിനാസ്പദമായ സംഭവം. ശരത്താണ് സാമൂഹികമാധ്യമംവഴി രണ്ടാഴ്ചമുമ്പ് പരാതിക്കാരനെ പരിചയപ്പെട്ടത്. സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ തയ്യാറാക്കി ശരത് പരാതിക്കാരനുമായി അടുപ്പമുണ്ടാക്കി. സാമൂഹികമാധ്യമംവഴി സന്ദേശങ്ങളയയ്ക്കുകയും മറുപടി അയയ്ക്കുന്നവരെ കെണിയില്‍പ്പെടുത്തുകയുമാണ് രീതിയെന്ന് സൗത്ത് പോലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയാണെന്നും ഭര്‍ത്താവ് വിദേശത്താണെന്നും വീട്ടില്‍ അമ്മമാത്രമേയുള്ളൂ എന്നുമാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. പിന്നീട് ഫോണ്‍ചെയ്തുതുടങ്ങിയപ്പോഴാണ് ദേവുവിന്റെയും ഭര്‍ത്താവ് ഗോകുല്‍ദീപിന്റെയും സഹായംതേടിയത്. ഇരുവരും സാമൂഹികമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള ദമ്പതിമാരാണ്.ദേവു പരാതിക്കാരനുമായി ഫോണില്‍സംസാരിച്ച്, പാലക്കാട് യാക്കരയിലെ വീട്ടിലെത്തിയാല്‍ തമ്മില്‍ കാണാമെന്നറിയിച്ചു. അമ്മ അസുഖബാധിതയായി ആശുപത്രിയിലാണെന്നാണ് പറഞ്ഞിരുന്നത്. ആദ്യം ഒലവക്കോട്ടുവെച്ച് പരാതിക്കാരനെ കാണുകയും പീന്നീട് വീട്ടിലേക്ക് ക്ഷണിക്കയുമായിരുന്നു.

പരാതിക്കാരന്‍ യാക്കരയിലെ വീട്ടിലെത്തിയപ്പോള്‍ ശരത്തും മറ്റുള്ളവരും സദാചാരഗുണ്ടകളെന്നമട്ടില്‍ വീട്ടിലെത്തുകയും ദേവുവിനെ മര്‍ദിക്കുന്നതായി അഭിനയിക്കുകയുംചെയ്തു. പരാതിക്കാരന്റെ കൈയിലുണ്ടായിരുന്ന നാലുപവന്‍ മാല, മൊബൈല്‍ ഫോണ്‍, ആയിരംരൂപ, എ.ടി.എം. കാര്‍ഡ്, കാര്‍ എന്നിവ തട്ടിയെടുത്തു. അക്കൗണ്ടില്‍നിന്ന് പണമയയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരാതിക്കാരനെ കൈയും കാലുംകെട്ടി വായില്‍ തുണിതിരുകി കാറില്‍ക്കയറ്റി കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, കൊടുങ്ങല്ലൂരെത്തുന്നതിനുമുമ്പ് മൂത്രമൊഴിക്കണമെന്നുപറഞ്ഞ് കാറില്‍നിന്ന് പുറത്തിറങ്ങിയ പരാതിക്കാരന്‍ ഓടിരക്ഷപ്പെടുകയായിരുന്നു.പിന്നീട് പരാതിക്കാരന്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടപ്പോള്‍ പോലീസില്‍ പരാതിനല്‍കി. ശരത്തും കൂട്ടരും അയച്ച മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ആറുപേരും പിടിയിലായത്. തട്ടിപ്പ് നടത്തുന്നതിനായി ഓണ്‍ലൈന്‍ ദല്ലാള്‍വഴിയാണ് യാക്കരയിലെ വീട് തിരഞ്ഞെടുത്തത്. ഒരുദിവസത്തെ ആവശ്യത്തിനായി 30,000 രൂപ അഡ്വാന്‍സ് നല്‍കി 11 മാസത്തേക്ക് കരാറെഴുതിയാണ് വീട് വാടകക്കെടുത്തതെന്ന് പോലീസ് പറഞ്ഞു.

കേസിലെ മുഖ്യപ്രതിയായ ശരത്തിന്റെ പേരില്‍ തട്ടിപ്പ്, മോഷണം എന്നിവയടക്കം 12 കേസുണ്ട്. കൂടുതല്‍പ്പേര്‍ ഇവരെ സഹായിച്ചിട്ടുണ്ടോയെന്നത് അന്വേഷിച്ചുവരികയാണ്. ദേവു, ഗോകുല്‍ദീപ് എന്നിവരെ പ്രതിഫലം വാഗ്ദാനംചെയ്ത് ശരത്ത് വാടകക്കെടുക്കുകയായിരുന്നെന്നും സൗത്ത് പോലീസ് പറഞ്ഞു.

Related posts

പഞ്ചായത്ത് വകുപ്പിൽ സോഫ്ട്വെയർ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങളായി

Aswathi Kottiyoor

ഉദയനിധിക്ക് മന്ത്രിയായി തുടരാം; സനാതനധർമ്മ വിരുദ്ധ പരാമർശത്തില്‍ നടപടിയില്ലെന്ന് ഹൈക്കോടതി

Aswathi Kottiyoor

ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.

Aswathi Kottiyoor
WordPress Image Lightbox