*
തിരുവനന്തപുരം:
വീട്ടിലിരുന്ന് വിമാനംനോക്കി സ്വപ്‌നങ്ങൾ നെയ്‌ത ഗോപിക ഗോവിന്ദ് ഇനി വിമാനത്തിലിരുന്ന് വീട് കാണും. ‘ഹലോ നമസ്‌കാർ’… എന്ന അഭിവാദ്യത്തോടെ യാത്രക്കാരെ പുഞ്ചിരിച്ച് കൈകൂപ്പി എയർ ഇന്ത്യ വിമാനത്തിലേക്ക് വരവേൽക്കുമ്പോൾ അവർക്കൊപ്പം പറന്നുയരുന്നത് ഒരുനാടിന്റെ സ്വപ്‌ന സാക്ഷാത്‌കാരംകൂടിയാണ്. കേരളത്തിലെ പട്ടികവർഗ വിഭാഗക്കാരിയായ ആദ്യ എയർഹോസ്റ്റസ് ഗോപിക്ക് ഇനി എയർ ഇന്ത്യയിൽ മുംബൈയിൽ ഒരു മാസത്തെ പരിശീലനം കൂടിയുണ്ട്.
കണ്ണൂർ ആലക്കോട്ടെ കണിയഞ്ചാൽ ഗവ. ഹൈസ്കൂളിൽ എട്ടിൽ പഠിക്കുമ്പോഴേ ഗോപിക മനസ്സിൽ താലോലിച്ച സ്വപ്‌നമാണ് സർക്കാരിന്റെ കരുതലിൽ യാഥാർഥ്യമാക്കിയത്. പട്ടികവർഗ വിഭാഗക്കാർക്ക് അയാട്ട എയർലൈൻസ് കസ്റ്റമർ സർവീസ് കോഴ്‌സ് പഠിക്കാനുള്ള സർക്കാർ സഹായമാണ് ഗോപികയുടെ ‘ആകാശജീവിതം’ സാക്ഷാത്‌കരിച്ചത്. വയനാട്ടിലെ ഡ്രീംസ്‌കൈ ഏവിയേഷൻ ട്രെയിനിങ് അക്കാദമിയിലായിരുന്നു പരിശീലനം. കോഴ്‌സ് പൂർത്തിയാകും മുമ്പേയാണ് ജോലി ലഭിച്ചത്.
സർക്കാരൊരുക്കിയ സഹായംകൊണ്ടുമാത്രമാണ് താനുൾപ്പെടെയുള്ള പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന ഫീസും മറ്റ് ചെലവുകളുമുൾപ്പെടെ താങ്ങാനായതെന്ന് ഗോപിക പറഞ്ഞു. ഒരുലക്ഷം രൂപയോളമുള്ള ഫീസും സ്റ്റൈപെൻഡും താമസസൗകര്യവുമെല്ലാം സർക്കാർ ഒരുക്കിത്തന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വിദഗ്‌ധ പരിശീലനവും നൽകി.
കൂലിപ്പണിക്കാരനായ ഗോവിന്ദന്റെയും ബിജിയുടെയും മകളാണ് . സഹോദരൻ ഗോകുൽ. സ്വപ്‌നം സാക്ഷാത്‌കരിച്ച സർക്കാരിന് നന്ദി അറിയിക്കാൻ ഗോപിക ചൊവ്വാഴ്‌ചനിയമസഭയിലെത്തി.