മദ്യവും മയക്കുമരുന്നുകളും ഉപയോഗിച്ചശേഷം വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ കേരള പോലീസ് നടപ്പിലാക്കുന്ന പുതിയ സംരംഭമായ ആൽക്കോ സ്‌കാൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന. ഡ്രൈവറെ ബസിനുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. ബസിന്റെ ഫ്‌ളാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റോട്ടറി ക്ലബ്ബിന്റേയും പോലീസിന്റേയും സഹകരണ കൂട്ടായ്മയായ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്. മദ്യം ഉപയോഗിച്ച് വാഹനമോടിച്ചാൽ പരിശോധിച്ച് കണ്ടെത്താൻ സംവിധാനമുള്ളത് പോലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഡ്രൈവർമാരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള പരിശോധനാ സംവിധാനവും ബസിലുണ്ട്.