വ്യവസായങ്ങൾക്കുള്ള വൈദ്യുതി നിരക്ക് വർധന പുനഃപരിശോധിക്കണമെന്ന ആവശ്യം സംബന്ധിച്ചു രണ്ടാഴ്ചയ്ക്കു ശേഷം റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കും. മൂന്നംഗ കമ്മിഷനിൽ നിലവിലുള്ള അംഗം എ.ജെ.വിൽസനാണ് ഉത്തരവ് ഇറക്കുക.വൈദ്യുതി ബോർഡ് ആവശ്യപ്പെടുന്ന അതേ നിരക്ക് വ്യവസായങ്ങൾക്ക് അനുവദിക്കാനാവില്ലെന്നു നിരക്ക് വർധിപ്പിച്ചുള്ള ഉത്തരവിൽ കമ്മിഷൻ നിരീക്ഷിച്ചിരുന്നു. എന്നാൽ നിരീക്ഷണം നിലനിൽക്കെ ബോർഡ് ആവശ്യപ്പെട്ട നിരക്ക് വർധന കമ്മിഷൻ അതേ പടി അംഗീകരിച്ചു കൊടുക്കുകയും ചെയ്തു. ഇതിനെതിരെയാണ് എച്ച്ടി ആൻഡ് ഇഎച്ച്ടി അസോസിയേഷനും വിവിധ വ്യവസായ സ്ഥാപനങ്ങളും റഗുലേറ്ററി കമ്മിഷനെ സമീപിച്ചത്. നിരക്കു വർധന സംബന്ധിച്ച ഉത്തരവിൽ കടന്നു കൂടിയ ഈ പിശക് തിരുത്തണം എന്നാണ് അവരുടെ ആവശ്യം.
ശരാശരി വൈദ്യുതി നിരക്ക് വിലയിരുത്തുമ്പോൾ എച്ച്ടി, ഇഎച്ച്ടി ഉപയോക്താക്കളുടെ നിരക്കു കുറയുകയാണെന്നും അവർക്ക് സബ്സിഡി ലഭിക്കുന്നുണ്ടെന്നും ആണ് ബോർഡിന്റെ വാദം. 66 കെവി വിഭാഗത്തിന് 10.42 ശതമാനവും 110 കെവി ഉപയോക്താക്കൾക്ക് 10.52 ശതമാനവും നിരക്കു വർധിപ്പിച്ചതു വ്യവസായങ്ങളുടെ തകർച്ചയ്ക്കു വഴിയൊരുക്കുമെന്നാണ് വ്യവസായ പ്രതിനിധികളുടെ നിലപാട്.