• Home
  • Kerala
  • ‘സമൃദ്ധി’ സഞ്ചിക്ക് ഇരട്ടിവില; ടെൻഡറില്ലാതെ സപ്ലൈകോ
Kerala

‘സമൃദ്ധി’ സഞ്ചിക്ക് ഇരട്ടിവില; ടെൻഡറില്ലാതെ സപ്ലൈകോ

ഓണക്കിറ്റിനു തുണിസഞ്ചി വാങ്ങിയതിന്റെ ഇരട്ടി വിലയ്ക്ക് സമൃദ്ധി കിറ്റിന് ടെൻഡർ ഇല്ലാതെ സപ്ലൈകോ സഞ്ചി വാങ്ങുന്നു. ഓണക്കിറ്റിന് 7.90 മുതൽ 8.66 വരെ രൂപ നൽകിയാണ് ഇ ടെൻഡറിലൂടെ സഞ്ചി വാങ്ങിയതെങ്കിൽ അതേ വലുപ്പമുള്ള സഞ്ചി കൊല്ലത്തെ സ്വകാര്യ കമ്പനി നൽകുന്നത് 18 രൂപയ്ക്ക്. സിഎംഡിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ സഞ്ചി വാങ്ങാൻ ഡിപ്പോകൾക്കു നിർദേശം നൽകി. സൂപ്പർ–ഹൈപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും മാവേലി സൂപ്പർ സ്റ്റോറുകളും 250 സമൃദ്ധി കിറ്റ് എങ്കിലും വിൽക്കണമെന്നാണു നിർദേശം. ഇത്തരം 627 ഔട്‌ലെറ്റുകളിലേക്കായി 28 ലക്ഷത്തിലധികം രൂപയുടെ സഞ്ചി വാങ്ങേണ്ടിവരും.

റേഷൻ കട വഴി സൗജന്യ ഓണക്കിറ്റ് നൽകുന്നതിനു പുറമേയാണ് സപ്ലൈകോ സ്വന്തം നിലയ്ക്ക് ‘സമൃദ്ധി’യെന്ന പേരിൽ പ്രത്യേക കിറ്റ് ഇറക്കുന്നത്. അരിയും പായസക്കൂട്ടും ഉൾപ്പെടെ 17 ഇനമടങ്ങിയ, 1000 രൂപ വിപണി വിലയുള്ള കിറ്റിനു 900 രൂപയാണ് ഈടാക്കുക. കൊല്ലത്തെ വീസിക്സ് ഗാർമെന്റ്സ് എന്ന കമ്പനി നൽകിയ ഓഫർ ലെറ്റർ അതേപടി അംഗീകരിച്ച് കഴിഞ്ഞ 17നു സിഎംഡി ഉത്തരവിടുകയായിരുന്നു. ഭാരം താങ്ങാനുള്ള ശേഷി, നൂൽക്കനം തുടങ്ങിയ മാനദണ്ഡങ്ങൾ ഓണക്കിറ്റിന്റെ സഞ്ചിക്കുണ്ടായിരുന്നു. എന്നാൽ സമൃദ്ധി കിറ്റിന് വലുപ്പം ഒഴികെയുള്ള മാനദണ്ഡങ്ങളൊന്നുമില്ല.

അതേസമയം, ഒരു മോഡൽ നിർദേശിക്കുക മാത്രമാണു ചെയ്തതെന്നാണു സപ്ലൈകോയുടെ വിശദീകരണം. ഡിപ്പോതലത്തിൽ വാങ്ങുന്നതുകൊണ്ടാണ് ടെൻഡർ ഒഴിവാക്കിയതെന്നും ഓണക്കിറ്റിനെക്കാൾ ഗുണമേന്മയുണ്ടെന്നും സപ്ലൈകോ പറയുന്നു.

അധികവിലയെന്ന് പരാതി

കോഴിക്കോട് ∙ സമൃദ്ധി’ ഓണക്കിറ്റിലെ സാധനങ്ങൾക്ക് പൊതുവിപണിയിലേതിനെക്കാൾ കൂടുതൽ വിലയെന്ന് ആരോപണം. കിലോയ്ക്ക് 33 രൂപ വിലയുള്ള അരിക്ക് ‘സമൃദ്ധി’ കിറ്റിൽ 46 രൂപയാണു വില. 81 രൂപ വിലയുള്ള ശബരി ഗോൾഡ് ചായപ്പൊടിക്ക് കിറ്റിലെ വില 90 രൂപ.

17 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റിന് 1000 രൂപ വിലയിട്ട ശേഷം 900 രൂപയ്ക്കാണു വിൽക്കുന്നത്. എന്നാൽ, ഇതേ സാധനങ്ങൾ സപ്ലൈകോയുടെ മാവേലി സ്റ്റോറിൽ 886 രൂപ 56 പൈസയ്ക്കു ലഭിക്കും. സബ്സിഡി നിരക്കിലാണെങ്കിൽ മാവേലി സ്റ്റോറിൽ 770.56 രൂപ നൽകിയാൽ മതി.

Related posts

കേരളം സമ്പൂർണ മാലിന്യമുക്തം ; ആദ്യഘട്ട പ്രവർത്തനം ജൂൺ 5ന്‌ പൂർത്തിയാക്കും

Aswathi Kottiyoor

ഗുണനിലവാരമില്ല; രാജ്യത്തെ 18 മരുന്ന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡി.സി.ജി.ഐ.

Aswathi Kottiyoor

പരിസ്ഥിതി ലോലം: ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ക്കും

Aswathi Kottiyoor
WordPress Image Lightbox