24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വർണാഭമായി അത്തച്ചമയം; നാടും നഗരവും ഓണത്തിന്റെ ഉത്സവ ലഹരിയിലേക്ക്: ചിത്രങ്ങൾ.*
Kerala

വർണാഭമായി അത്തച്ചമയം; നാടും നഗരവും ഓണത്തിന്റെ ഉത്സവ ലഹരിയിലേക്ക്: ചിത്രങ്ങൾ.*

കൊച്ചി ∙ ചമയങ്ങളണിഞ്ഞ് ഇന്ന് അത്തമെത്തുമ്പോൾ തിരുവോണം പത്തുനാൾ മാത്രമകലെ. കോവിഡ് മൂലമുള്ള ഇടവേളയ്ക്കുശേഷം തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര വർണാഭമായി നടത്തി. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ അത്തം പതാക ഉയർത്തി. ഓണത്തിന്റെ ഐതിഹ്യത്തോടു ചേർന്നു കിടക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തിലെ തിരുവോണ ഉത്സവക്കൊടിയേറ്റും ഇന്നാണ്.രാവിലെ കനത്ത മഴ പെയ്തത് ആശങ്കയായി. പിന്നീട് മഴ മാറിയതോടെ ജനം ആവേശത്തോടെ ഘോഷയാത്രയുമായി മുന്നോട്ട് പോകുകയായിരുന്നു. നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും സ്റ്റീഫൻ ദേവസിയുടെ ഫ്യൂഷനും അരങ്ങേറി.മലയാളിയുടെ ഓണാഘോഷം തുടങ്ങുന്നതു തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തിൽ നിന്നാണ്. ചിങ്ങമാസത്തിലെ അത്തം നാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടെയും പല്ലക്കിലേറി പ്രജകളെ കാണാനെത്തുന്ന വിശേഷ സംഭവമായിരുന്നു രാജഭരണകാലത്തെ അത്തച്ചമയം.നാടു ഭരിച്ചിരുന്ന കൊച്ചി രാജാക്കൻമാർ അത്തംനാളിൽ നാനാജാതിമതസ്‌ഥരായ സമുദായപ്രമാണിമാർക്കൊപ്പം ചമഞ്ഞൊരുങ്ങി എഴുന്നള്ളിയ മഹാഘോഷയാത്ര ആകർഷകമായി മാറിയതു ചൊവ്വരയിൽ രാമവർമ രാജാവിന്റെ കാലത്താണെന്നു പറയുന്നു.പരീക്ഷിത്ത് തമ്പുരാന്റെ കാലമായപ്പോഴേക്കും പല്ലക്കു ചുമക്കുന്ന രീതി നിർത്തലാക്കുകയും എഴുന്നള്ളത്തു പല്ലക്കുപോലെ അലങ്കരിച്ച വാഹനത്തിലാക്കുകയും ചെയ്‌തു. 1949 ൽ പരീക്ഷിത്ത് മഹാരാജാവ് എഴുന്നള്ളിയ അത്തച്ചമയമായിരുന്നു അവസാനത്തെ രാജകീയ അത്തച്ചമയം.തുടർന്നു തിരുക്കൊച്ചി സംയോജനവും 1956 ൽ കേരളപ്പിറവിയും പിന്നിട്ടു നാലുവർഷം മുടങ്ങിയശേഷം 1961ൽ ആണ് ജനകീയമായ അത്താഘോഷം ആരംഭിച്ചത്. ഇന്നു നഗരസഭയാണ് അത്തച്ചമയം ഏറ്റെടുത്തു നടത്തുന്നത്.കാതിൽ ഇമ്പവും കണ്ണിൽ വർണക്കാഴ്ചകളും മനസ്സിൽ മായാത്ത ഓർമകളുമായി രാജവീഥിയിൽ അത്തം ചമഞ്ഞിറങ്ങി. മഴമാറി നിന്നവേളയിൽ കാണികളുടെ മനസ്സിൽ പെയ്ത ആനന്ദമഴയായി ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയ്ക്കു തുടക്കമായി. മലയാളനാട്ടിൽ മഹാബലിയുടെ വരവറിയിച്ചു പൊന്നോണപ്പൂവിളിയുയർന്നു. ആളും ആരവവും കൊട്ടും കുഴലും താളമേളവുമായി വർണക്കാഴ്ചകളുടെ ഘോഷയാത്ര തൃപ്പൂണിത്തുറയുടെ രാജപാതയെ ഇളക്കിമറിച്ചു. ഇനി നാടുംനഗരവും ഓണത്തിന്റെ ഉത്സവലഹരിയിലേക്ക്.

Related posts

കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ൽ ലൈ​റ്റു​ക​ൾ ത​ക​ർ​ത്ത ലോ​റി പി​ടി​കൂ​ടി

Aswathi Kottiyoor

സിൽവർ ലൈനിനെതിരായ പരാതി അബദ്ധപഞ്ചാംഗം

Aswathi Kottiyoor

കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം : ലംഘിച്ചാൽ പിഴ ഈടാക്കും ; വിജ്ഞാപനം മൂന്ന് ദിവസത്തിനുള്ളിൽ

Aswathi Kottiyoor
WordPress Image Lightbox