കണ്ണൂർ: മുൻസിപ്പൽ കോർപ്പറേഷന്റെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പള്ളിക്കുന്ന് സോണൽ പരിധിയിലെ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഓണത്തോട് അനുബന്ധിച്ച് കോർപ്പറേഷൻ മേയറുടെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. ഇന്നലെയും ജില്ലയിൽ പരിശോധന നടന്നിരുന്നു.
വിവിധ ഹോട്ടലുകളിൽ നിന്നായി വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യ പദാർത്ഥങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ പഴകിയ ഭക്ഷണങ്ങളും ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർത്ഥങ്ങളാണ് പല ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. പഴകിയ ഷവർമ കഴിച്ച് കാസർകോട് വിദ്യാർത്ഥിനി മരിച്ച ശേഷം സമാന സംഭവം വീണ്ടും ആവർത്തിക്കരുത് എന്ന് ഉറപ്പുവരുത്താനാണ് പരിശോധന.
മലിനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചുവന്ന ഹോട്ടലുകൾ അടച്ചു പൂട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഹോട്ടലുകൾക്ക് അന്തരീക്ഷം വൃത്തിയാക്കി അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ ഇനി തുറന്നു പ്രവർത്തിക്കാൻ കഴിയുള്ളൂ. പള്ളിക്കുന്ന് സോണൽ പരിധിയിൽ പ്രവർത്തിച്ചുവന്ന അപ്പൂസ് സ്വീറ്റ്‌സ്, സൽസാ കഫെ, കബുസ് ബേക്കറി, മിൽമ കാന്റീൻ, ഗം ബൂട്ട്, പോത്തേരി ഹോട്ടൽ ഇതിനുപുറമേ പേരില്ലാത്ത മൂന്ന് ടീ സ്പൂൺ എന്നിവയാണ് ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.
പലസ്ഥലങ്ങളിൽ നിന്നും വൃത്തിഹീനമായതും പഴകിയതുമായുള്ള ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഫ്രിഡ്ജിൽ സൂക്ഷിച്ച സാധനങ്ങൾ കൃത്യമായ രീതിയിൽ ടെമ്പറേച്ചർ കാത്തുസൂക്ഷിക്കുന്നില്ല എന്നും കണ്ടെത്തി. ഇതിനുപുറമേ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളവും പല സ്ഥലത്തും മലിനമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. പഴകിയ എണ്ണയും കണ്ടെത്തി നശിപ്പിച്ചു.
പരിശോധനയിൽ കണ്ടെത്തിയ പല ഭക്ഷണപദാർത്ഥങ്ങളും നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ രൂപത്തിൽ ആയിരുന്നു. ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഈ ഹോട്ടൽ തൊഴിലാളികൾക്ക് വേണ്ടവിധത്തിൽ എങ്ങനെയാണ് ഭക്ഷണം സൂക്ഷിക്കേണ്ടത് എന്നും പാകം ചെയ്യേണ്ടത് എന്നുമുള്ള അടിസ്ഥാന ബോധവൽക്കരണം നൽകും.
ലൈസൻസില്ലാത്ത ഹോട്ടലുകൾക്ക് പിഴ ചുമത്തുകയും താൽക്കാലികമായി പൂട്ടിയിട്ട ശേഷം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി മാത്രം തുറന്നു പ്രവർത്തിച്ചാൽ മതിയെന്ന് ഉത്തരവ് നൽകുകയും ചെയ്തു. വെറും ദിവസങ്ങളിലും ശക്തമായ പരിശോധന കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളിലും തുടരും എന്നും കോർപ്പറേഷൻ ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്.