23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മലമുകളില്‍ ഒളിച്ചിരുന്ന് ആയങ്കി, ഇരുട്ടില്‍ നടന്നെത്തി പോലീസ്; അക്രമത്തിന് മുതിരാതെ കീഴടങ്ങല്‍.
Kerala

മലമുകളില്‍ ഒളിച്ചിരുന്ന് ആയങ്കി, ഇരുട്ടില്‍ നടന്നെത്തി പോലീസ്; അക്രമത്തിന് മുതിരാതെ കീഴടങ്ങല്‍.

കടത്തുസ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതിയൊരുക്കിയെന്ന കേസില്‍ കണ്ണൂര്‍ അഴീക്കോട് അഴീക്കല്‍ സ്വദേശി അര്‍ജുന്‍ ആയങ്കി(26)യടക്കം നാലുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍ അഴീക്കല്‍ സ്വദേശി നിറച്ചന്‍ പ്രണവ് (25) കണ്ണൂര്‍ അറവഞ്ചാല്‍ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി എന്‍.എന്‍. മന്‍സിലില്‍ നൗഫല്‍ (26) എന്നിവരാണ് മറ്റു മൂന്നുപേര്‍. വിമാനത്താവളങ്ങളിലൂടെ കടത്തുന്ന സ്വര്‍ണംതട്ടാന്‍ പദ്ധതിയൊരുക്കിയതിന് പ്രത്യേക അന്വേഷണസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവജനക്ഷേമ കമ്മിഷന്‍ വെമ്പായം പഞ്ചായത്ത് കോ -ഓര്‍ഡിനേറ്ററാണ് നൗഫല്‍.

കണ്ണൂര്‍ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളില്‍ ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന അര്‍ജുന്‍ ആയങ്കിയെയും പ്രണവിനെയും സനൂജിനെയും ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ രഹസ്യനീക്കത്തിലൂടെ പിടികൂടുകയായിരുന്നെന്ന് അന്വേഷണസംഘം അറിയിച്ചു. നൗഫലിനെ രണ്ടുദിവസം മുമ്പ് വയനാട്ടിലെ രഹസ്യ കേന്ദ്രത്തില്‍നിന്ന് പിടികൂടി.കഴിഞ്ഞ ഒമ്പതിന് കരിപ്പൂരില്‍ കടത്തുസ്വര്‍ണം തട്ടാന്‍ ഒത്താശചെയ്ത യാത്രക്കാരനടക്കം അഞ്ചുപേര്‍ പിടിയിലായ കേസില്‍ ഒന്നാംപ്രതിയാണ് അര്‍ജുന്‍ ആയങ്കി. ഈ കേസിലാണ് ഇയാളെയും സംഘത്തെയും പിടികൂടിയത്.

പരപ്പനങ്ങാടി സ്വദേശികളായ കുഞ്ഞിക്കാന്റെ പുരക്കല്‍ മൊയ്തീന്‍ കോയ (52), പള്ളിച്ചന്റെ പുരക്കല്‍ മുഹമ്മദ് അനീസ് (32), പരപ്പനങ്ങാടി പള്ളിച്ചാന്റെ പുരക്കല്‍ അബ്ദുല്‍ റഊഫ് (36), നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്റകത്ത് സുഹൈല്‍ (36), യാത്രക്കാരനായ തിരൂര്‍ കാളാട് കാവീട്ടില്‍ മഹേഷ് (42) എന്നിവരാണ് നേരത്തെ പിടിയിലായത്.പോലീസ് വിടാതെ പിന്തുടര്‍ന്നു, ആയങ്കി അകത്ത്…

സ്വര്‍ണക്കടത്ത് കവര്‍ച്ചക്കേസുകളില്‍ സ്ഥിരമായി അര്‍ജുന്‍ ആയങ്കിയുടെ പേര് ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ആദ്യമായാണ് ഇയാളെ പോലീസിന് പിടികൂടാനാകുന്നത്. കഴിഞ്ഞ ഒമ്പതിന് കരിപ്പൂരില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഒന്നാം പ്രതിയായതോടെ ആയങ്കിയെ പോലീസ് വിടാതെ പിന്തുടരുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നീക്കങ്ങള്‍ ശ്രദ്ധിച്ചും പലയിടങ്ങളില്‍ ക്യാമ്പ് ചെയ്തുമാണ് ആയങ്കിയെ കണ്ടെത്തിയത്. ഒടുവില്‍ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളില്‍നിന്ന് ആയങ്കിയെയും സഹായികളായ മൂന്നുപേരെയും പിടികൂടാനായത് പോലീസിന് അഭിമാനമായി.

ഓപ്പറേഷന്‍ പൊളിയുന്നു

കഴിഞ്ഞ ഒമ്പതിനായിരുന്നു അര്‍ജുന്‍ ആയങ്കി ഒന്നാംപ്രതിയായ സ്വര്‍ണക്കവര്‍ച്ച കേസിനാസ്പദമായ സംഭവം. വിമാനത്താവളത്തിനു പുറത്ത് കരിപ്പൂര്‍ പോലീസ് നടത്തിയ വാഹനപരിശോധനയാണ് അന്ന് ആയങ്കിയുടെ ഓപ്പറേഷന്‍ പൊളിച്ചത്. യാത്രക്കാരന്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ സംഘം കരിപ്പൂരിലെത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഒമ്പതിന് പതിനൊന്നരയോടെ പോലീസ് വാഹനപരിശോധന നടത്തി സുഹൈല്‍, അബ്ദുള്‍ റൗഫ്, മുഹമ്മദ് അനീസ് എന്നിവരെ പിടികൂടിയത്. യാത്രക്കാരനെ സ്വീകരിക്കാനെത്തിയതാണെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ യാത്രക്കാരനെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ സംശയം ബലപ്പെട്ടു.ഇവരുടെ ഫോണില്‍നിന്ന് സ്വര്‍ണവുമായി വരുന്ന യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയുംചെയ്തു. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വരുന്ന മഹേഷ് ശരീരത്തിനകത്താക്കി കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാനെത്തിയതാണെന്നും അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി മൊയ്തീന്‍ കോയയാണ് സഹായം ചെയ്യുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഒരു മണിക്ക് ഇന്‍ഡിഗോ വിമാനത്തിലെത്തിയ മഹേഷിനെ പിടികൂടി പരിശോധിച്ചപ്പോള്‍ നാലു കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനകത്താക്കി സ്വര്‍ണം കൊണ്ടുവന്നതായി വ്യക്തമായി. മഹേഷ് അര്‍ജുന്‍ ആയങ്കിയുമായും മൊയ്തീന്‍ കോയയുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഫോണ്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊയ്തീന്‍കോയയെ പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു.പോലീസ് പിന്തുടരുന്നു.

അര്‍ജുന്‍ ആയങ്കിയുടെ പങ്ക് വെളിപ്പെട്ടതോടെ ഇയാള്‍ എറണാകുളത്തുണ്ടെന്ന് മനസ്സിലാക്കി പോലീസ് അങ്ങോട്ടു കുതിച്ചു. പക്ഷേ, പോലീസ് എത്തുന്നതിന് മുമ്പേ രക്ഷപ്പെട്ടു. പിന്നീട് തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്താണ് അര്‍ജുന്‍ ആയങ്കി ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്. ഇതിനിടയില്‍ ഗോവയിലും പോലീസ് പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളില്‍നിന്നാണ് ഇയാളെയും കണ്ണൂര്‍ അഴിക്കല്‍ സ്വദേശി നിറച്ചന്‍ വീട്ടില്‍ പ്രണവ് (കാപ്പിരി പ്രണവ്- 25) കണ്ണൂര്‍ അറവഞ്ചാല്‍ സ്വദേശി കാണിച്ചേരി സനൂജ് (22) എന്നിവരെയും പിടികൂടിയത്. കണ്ണൂര്‍ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം മലമുകളിലെത്തിയത്. വാഹനം എത്തിപ്പെടാത്ത സ്ഥലത്തായിരുന്നു സംഘമുണ്ടായിരുന്നത്. ഇരുട്ടില്‍ കുറച്ചുദൂരം നടന്നാണ് പോലീസ് ഒളിത്താവളത്തിലെത്തിയത്. അക്രമത്തിന് മുതിരാതെ ഇവര്‍ പോലീസിന് കീഴടങ്ങുകയായിരുന്നു.

Related posts

*ഒറ്റപ്പെട്ട‍യിടങ്ങളിൽ നാളെ മുതൽ ശക്തമായ മഴ*

Aswathi Kottiyoor

കെഎസ്‌ആർടിസി ‘ഹരിത’മായാൽ നേട്ടം 378 കോടി ; വർഷം 47,438 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാനാകും

Aswathi Kottiyoor

കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് 786 കോ​ടി​യു​ടെ പ​ദ്ധ​തി

Aswathi Kottiyoor
WordPress Image Lightbox