26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബംഗളൂരുവിൽനിന്ന്‌ വയനാട്ടിലേക്ക്‌ ലഹരി ഒഴുകുന്നു; കൂടുതലും എംഡിഎംഎ
Kerala

ബംഗളൂരുവിൽനിന്ന്‌ വയനാട്ടിലേക്ക്‌ ലഹരി ഒഴുകുന്നു; കൂടുതലും എംഡിഎംഎ

യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട്‌ ജില്ലയിലേക്ക്‌ ലഹരി ഒഴുക്ക്‌. കഴിഞ്ഞ ഒരാഴ്‌ചയായി ലഹരികടത്തുമായും വിൽപ്പനയുമായും ബന്ധപ്പെട്ട്‌ നിരവധി കേസുകൾ റിപ്പോർട്ട്‌ ചെയ്‌തു. മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരികളാണ്‌ പിടികൂടുന്നത്‌. കഴിഞ്ഞ രണ്ടുദിവസത്തിനിടെ വ്യത്യസ്‌ത ലഹരി കേസുകളിൽ നാലുപേർ അറസ്റ്റിലായി.

ഓണം സ്‌പെഷ്യൽ ഡ്രൈവ്‌ ഉൾപ്പെടെ നടത്തി എക്‌സൈസും പൊലീസും ലഹരികടത്തിന്‌ തടയിടുന്നുണ്ടെങ്കിലും ബംഗളൂരു കേന്ദ്രീകരിച്ച്‌ വൻതോതിൽ ഇവ ജില്ലയിലേക്കും ജില്ല വഴി മറ്റു ജില്ലകളിലേക്കും എത്തുന്നതായാണ്‌ വിവരം. എംഡിഎംഎ, മെത്താഫിൻ, എൽഎസ്‌ഡി സ്‌റ്റാമ്പ്‌, കഞ്ചാവ്‌ എന്നിവയെല്ലാം എത്തുന്നുണ്ട്‌. ഒളിപ്പിച്ചുകടത്താൻ എളുപ്പുമായതിനാൽ എംഡിഎംഎയാണ്‌ കൂടുതലായും എത്തുന്നത്‌. ദേഹത്തും മറ്റ്‌ ഒളിച്ചുവയ്‌ക്കുന്നതിനാൽ കാര്യക്ഷമമായ പരിശോധനയ്‌ക്കും ഉദ്യോഗസ്ഥർക്ക്‌ പരിമിതികളുണ്ട്‌. ശനിയാഴ്‌ച രാവിലെ തോൽപ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കർണാടകയിൽനിന്ന്‌ വരുന്ന സ്ലീപ്പർ ബസ്സിൽനിന്ന്‌ അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. 46.420 ഗ്രാം എംഡിഎംഎയാണ് പിടിച്ചത്‌. വെങ്ങപ്പള്ളിയിൽ 4.4 ഗ്രാം എംഡിഎംഎയും പിടിച്ചു.

കൽപ്പറ്റ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്ന മധ്യവയസ്‌കനെ 104 ഗ്രാം കഞ്ചാവുമായി കഴിഞ്ഞദിവസം പിടിച്ചിരുന്നു. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽവച്ച് കേരള ആർടിസി ബസ്സിൽവച്ച് 15 ഗ്രാം കഞ്ചാവും പിടിച്ചിരുന്നു. ഈ വർഷം ജനുവരി മുതൽ ഇതുവരെ എംഡിഎംഎ മാത്രം ഒരുകിലോ പിടികൂടി.

എംഡിഎംഎ ഗ്രാമിന്‌ 3500 രൂപ

സ്വർണത്തിന്റേതുപോലെ ഗ്രാമിനാണ്‌ മാരകമയക്കുമരുന്നായ എംഡിഎംഎയുടെ വില. ഗ്രാമിന്‌ 3500 മുതലാണ്‌ ആവശ്യക്കാർ നൽകുന്നതെന്നാണ്‌ വിവരം. ഡിമാൻഡ്‌ കൂടുന്നതിനനുസരിച്ച്‌ വിലയും കൂടും. ഒറ്റത്തവണ ഉപയോഗിച്ചാൽ ലഹരി രണ്ടുദിവസംവരെ നിൽക്കും. ബംഗളൂരുവിൽനിന്നാണ്‌ ഇത്‌ പ്രധാനമായും ജില്ലയിലേക്ക്‌ എത്തുന്നത്‌. പിടിയിലാകുന്നവരിൽനിന്ന്‌ കണ്ടെടുക്കുന്നത്‌ പലപ്പോഴും പത്ത്‌ ഗ്രാമിൽതാഴെയാണ്‌. എളുപ്പത്തിൽ ഒളിപ്പിച്ചുകടത്താനാവുമെന്നതാണ്‌ ഇതിന്റെ കടത്തും ഉപയോഗവും കൂട്ടുന്നതെന്ന്‌ എക്‌സൈസ്‌ അധികൃതർ പറഞ്ഞു.

Related posts

പാലക്കയം തട്ട് വിനോദസഞ്ചാര കേന്ദ്രം നടത്തിപ്പിന് നൽകാനുള്ള നടപടിക്ക് സ്റ്റേ

Aswathi Kottiyoor

പുലിപ്പേടിയിൽ നാട്: പ്രതിസന്ധിയിലായി പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയും

Aswathi Kottiyoor

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു

WordPress Image Lightbox