20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് നൽകാത്ത 9016 സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി
Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് നൽകാത്ത 9016 സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി

കഴിഞ്ഞ തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ ചെലവ് കണക്ക് നൽകാതിരുന്ന 9016 സ്ഥാനാർഥികളെ അയോഗ്യരാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ഉത്തരവായി. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാതിരിക്കുകയോ പരിധിയിൽ കൂടുതൽ തുക ചെലവഴിക്കുകയോ ചെയ്തവരെയാണ് അയോഗ്യരാക്കിയത്. ഉത്തരവ് തീയതി (ഓഗസ്റ്റ് 23) മുതൽ അഞ്ച് വർഷത്തേക്കാണ് അയോഗ്യത. തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നതിനോ സ്ഥാനാർഥികളായി മത്സരിക്കുന്നതിനോ അയോഗ്യതയുണ്ടാകും.

അയോഗ്യരാക്കിയ 436 പേർ കോർപ്പറേഷനുകളിലേക്കും, 1266 പേർ മുനിസിപ്പാലിറ്റികളിലേക്കും 71 പേർ ജില്ലാ പഞ്ചായത്തുകളിലേക്കും 590 പേർ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 6653 പേർ ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് മത്സരിച്ചിരുന്നത്. ഇവരുടെ പേരുവിവരം www.sec.kerala.gov.in സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ പ്രസക്ത വ്യവസ്ഥകൾ പ്രകാരമാണ് കമ്മീഷന്റെ നടപടി. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് നൽകണമെന്നാണ് വ്യവസ്ഥ. വീഴ്ച വരുത്തിയവർക്കും പരിധിയിൽ കൂടുതൽ ചെലവഴിച്ചവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. ചെലവ് കണക്കോ കാരണമോ ബോധിപ്പിക്കാത്തവരുടെ കരട് ലിസ്റ്റ് ജൂലൈ 5 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പരിഗണിച്ചാണ് വീഴ്ച വരുത്തിയവരെ അയോഗ്യരാക്കിയത്. മട്ടന്നൂർ നഗരസഭ ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ 2020 ഡിസംബറിലാണ് പൊതുതിരഞ്ഞെടുപ്പ് നടന്നത്. 21865 വാർഡുകളിലായി ആകെ 74835 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.

അയോഗ്യരാക്കപ്പെട്ടവർ തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നില്ലായെന്നും അഞ്ച് വർഷത്തേക്ക് സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലായെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കും.ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് ജില്ലാ കളക്ടറും ഗ്രാമപഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ.

ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ജില്ലാ പഞ്ചായത്ത്, കോർപ്പറേഷനുകളിൽ 1,50,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ 75,000 രൂപയും ഗ്രാമപഞ്ചായത്തിൽ 25,000 രൂപയുമാണ്.

Related posts

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയാണ് സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

*ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

അ​റ​യ്ക്ക​ൽ സു​ൽ​ത്താ​ന ആ​ദി​രാ​ജ മ​റി​യു​മ്മ അ​ന്ത​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox