ജനപ്പെരുപ്പമാണ് ഒട്ടുമിക്ക രാജ്യങ്ങളുടെയും വിഷയമെങ്കില്‍ ലോകത്തേറ്റവും കുറഞ്ഞ ജനന നിരക്കാണ് ദക്ഷിണ കൊറിയ നേരിടുന്ന പ്രശ്നം.
രാജ്യത്തെ ജനനനിരക്ക്, മരണനിരക്കിനെക്കാള്‍ താഴെയാണ്. ജനനനിരക്ക് കൂട്ടാന്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നതിനിടെ വീണ്ടും ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
രാജ്യത്തെ ജനനനിരക്ക് വീണ്ടും കുറഞ്ഞതായി സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-ലാണ് രാജ്യത്തെ നിരക്ക് ആദ്യമായി ഒരു സ്ത്രീക്ക് ഒരു കുട്ടി എന്നതിനേക്കാള്‍ താഴ്ന്നത്. ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍പ്രകാരം ഈ കണക്ക് 0.81 ആയി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് പോയിന്റ് കുറവ്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഇടിവ് സംഭവിക്കുന്നത്.
താരതമ്യപ്പെടുത്തുമ്ബോള്‍, ലോകത്തിലെ ഏറ്റവും വികസിത സമ്ബദ്വ്യവസ്ഥയിലെ ശരാശരി നിരക്ക് 1.6 കുട്ടികളാണ്. കുടിയേറ്റം കൂടാതെ, ഒരു രാജ്യത്തെ ജനസംഖ്യ ഒരേ നിലയില്‍ നിലനിര്‍ത്താന്‍ ദമ്ബതികള്‍ക്ക് കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ആവശ്യമാണ്. 2.1 നിരക്ക്. എന്നാല്‍ ദക്ഷിണ കൊറിയയിലെ സ്ഥിതി ആശങ്കാജനകമാണ്.
കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ലോകത്തെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഒഇസിഡി (ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന് ആന്‍ഡ് ഡെവലപ്മെന്റ് ) പറയുന്നു. ജനനനിരക്കിലുണ്ടാകുന്ന ഈ കുറവ് ദക്ഷിണ കൊറിയയില്‍ വളരെ പ്രകടമാണ്. കുടുംബങ്ങളുടെ വലുപ്പം കുറഞ്ഞുവരുന്നു.
1970 കളുടെ തുടക്കത്തില്‍ സ്ത്രീകള്‍ക്ക് ശരാശരി നാല് കുട്ടികളുണ്ടായിരുന്നു. ജനസംഖ്യ കുറയുന്നത് ഒരു രാജ്യത്തെ വലിയ സമ്മര്‍ദ്ദത്തിലാക്കും. ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും പെന്ഷനുക ള്‍ക്കുമുള്ള ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ച് പൊതുചെലവ് കൂട്ടും. യുവജനങ്ങളുടെ എണ്ണം കുറ യുന്നത് സമ്ബദ്വ്യവസ്ഥയെ ബാധിക്കുന്ന തൊഴില്‍ ക്ഷാമത്തിലേക്കും നയിക്കുന്നു.
ജീവിത തൊഴില്‍സാഹചര്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളിയാണു ദക്ഷിണ കൊറിയന്‍ ജനനനിരക്ക് താഴാന്‍ പ്രധാനകാരണം. തൊഴില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ പ്രധാന്യം കാണിക്കുന്ന സ്ത്രീകള്‍ പലപ്പോഴും കുടുംബം പോലുള്ളവയ്ക്ക് പ്രധാന്യം നല്‍കാറില്ല.