മുഴുവൻസമയ പരിചരണംവേണ്ട ശാരീരിക -മാനസിക സ്ഥിതിയുള്ളവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിക്ക് 42.5 കോടിയുടെ ഭരണാനുമതി. ആദ്യഗഡുവായി പത്തുകോടി നൽകാനും ഉത്തരവിട്ടു.
മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും മുഴുവൻസമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ നിരക്കിൽ ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസകിരണം. ഇതുസംബന്ധിച്ച് കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തിയിരുന്നു. ആശ്വാസകിരണം പദ്ധതിക്കുകീഴിലുള്ള ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ ലിങ്കിങ് നടപടികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കണം. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിലെ ഗുണഭോക്താക്കൾക്ക് 2020 സെപ്‌തംബർ വരെയുള്ള കുടിശിക മാർച്ചിൽ നൽകിയിരുന്നു. ബാക്കി ജില്ലകളിലുള്ളവർക്ക് 2020 ആഗസ്‌ത് വരെയുള്ള കുടിശിക കഴിഞ്ഞ ഡിസംബറിലും നൽകിയിരുന്നു. സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ക്യാൻസർ, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങൾ എന്നിവമൂലം മുഴുവൻസമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികൾ ശാരീരിക മാനസിക വൈകല്യമുള്ളവർ, പ്രായാധിക്യംമൂലം കിടപ്പിലായവർ, 100 ശതമാനം അന്ധത ബാധിച്ചവർ, തീവ്രമാനസിക രോഗമുള്ളവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി മുതലായ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, എൻഡോസൾഫാൻ ബാധിച്ച് പൂർണമായും ദുർബലപ്പെട്ടവർ എന്നിവരാണ് പദ്ധതിഗുണഭോക്താക്കൾ.