21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • *ആ രണ്ടുചോദ്യങ്ങള്‍ ചുരുളഴിച്ചു; വിഷം വാങ്ങികൊടുത്തപ്പോള്‍ മകനും അറിഞ്ഞില്ല അമ്മൂമ്മയെ കൊല്ലാനാണെന്ന്.*
Kerala

*ആ രണ്ടുചോദ്യങ്ങള്‍ ചുരുളഴിച്ചു; വിഷം വാങ്ങികൊടുത്തപ്പോള്‍ മകനും അറിഞ്ഞില്ല അമ്മൂമ്മയെ കൊല്ലാനാണെന്ന്.*


കുന്നംകുളം: രണ്ട് ചോദ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ആദ്യത്തേത് ഡോക്ടറും രണ്ടാമത്തേത് പോലീസും ചോദിച്ച ചോദ്യങ്ങള്‍. ഈ മാസം 19-നാണ് രുക്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍നിന്നും മലങ്കര ആശുപത്രിയില്‍നിന്നും ഇവരെ തിരിച്ചയച്ചിരുന്നു. മരുമകനെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവരാന്‍ പോയി തിരിച്ചുവരുന്നതിനിടെ പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതയെന്നാണ് മകള്‍ പറഞ്ഞത്.

തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചപ്പോഴാണ് കരളിന്റെ പ്രവര്‍ത്തനം തകരാറിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് എന്തിനാണ് അമ്മ വിഷം കഴിച്ചതെന്ന് ഡോക്ടര്‍ രുക്മിണിയോട് ചോദിച്ചു. വിഷം കഴിച്ചിട്ടില്ലെന്ന് അവര്‍ മറുപടിയും നല്‍കി. ഇതോടെ മറ്റാരോ വിഷം നല്‍കിയതായി ഡോക്ടര്‍ക്ക് സംശയമുണ്ടായി. തിങ്കളാഴ്ച രുക്മിണി മരിച്ചതോടെ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു.

സാധാരണമരണം എന്ന രീതിയിലാക്കാനായിരുന്നു മകളുടെ പദ്ധതി. പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ ശരീരത്തില്‍ വിഷത്തിന്റെ സാന്നിധ്യം തെളിഞ്ഞു. ബുധനാഴ്ച വൈകീട്ട് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇന്ദുലേഖയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. ഗൂഗിളില്‍ എലിവിഷത്തെക്കുറിച്ച് ഇവര്‍ തിരഞ്ഞത് പോലീസ് കണ്ടെത്തി. എന്തിനായിരുന്നു ഈ തിരച്ചില്‍ എന്ന രണ്ടാം ചോദ്യത്തില്‍ ഇന്ദുലേഖ കുഴങ്ങി. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.അമ്മയെ കൊലപ്പെടുത്തിയതില്‍ ഒരുതരി സങ്കടംപോലും ഇന്ദുലേഖയുടെ മുഖത്തുണ്ടായിരുന്നില്ല. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ നാട്ടുകാരും അയല്‍ക്കാരുമെല്ലാം നിര്‍വികാരത നിറഞ്ഞ ആ മുഖം നോക്കിനിന്നു.

വ്യാഴാഴ്ച പതിനൊന്നിനാണ് എ.സി.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പിന് എത്തിച്ചത്. വീട്ടിനുള്ളില്‍ സഹോദരിയും മക്കളും അമ്മയുടെ ബന്ധുക്കളുമുണ്ടായിരുന്നു. അമ്മയ്ക്ക് വിഷംനല്‍കിയ പാത്രവും ഗുളികകളും പോലീസ് കണ്ടെടുത്തു.

മകനെക്കൊണ്ടാണ് ഇന്ദുലേഖ ഗുളികകളും എലിവിഷവും വാങ്ങിപ്പിച്ചത്. കൊലപാതകത്തിനുള്ള തയ്യാറെടുപ്പാണെന്ന് മകന് അറിയുമായിരുന്നില്ല. മരുന്ന് വാങ്ങിച്ച കുന്നംകുളം നഗരത്തിലെ കടയിലും പോലീസ് തെളിവെടുപ്പ് നടത്തി.

കേച്ചേരിയില്‍ താമസിച്ചിരുന്ന ചന്ദ്രനും കുടുംബവും പത്ത് വര്‍ഷംമുമ്പാണ് കിഴൂര്‍ കാക്കത്തുരുത്തിന് സമീപം സ്ഥലം വാങ്ങി വീടുവെച്ചത്. രണ്ട് പെണ്‍മക്കളില്‍ താഴെയുള്ളവള്‍ അഞ്ഞൂരിലാണ് താമസം. ഇവര്‍ക്ക് പണംനല്‍കി ബാധ്യതകള്‍ തീര്‍ത്തിരുന്നു. അച്ഛന്റെയും അമ്മയുടെയും കാലശേഷമാണ് ഇന്ദുലേഖയ്ക്ക് കിഴൂരിലെ സ്ഥലം എഴുതിവെച്ചിരുന്നത്. സ്ഥലം വില്‍ക്കണമെന്ന് ഒട്ടേറെ തവണ ഇന്ദുലേഖ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അമ്മ ഇതിനെ ശക്തമായി എതിര്‍ത്തു. പുറത്തുനിന്നുള്ള ഏതെങ്കിലും സമ്മര്‍ദമുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.കിഴൂരില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ ചോഴിയാട്ടില്‍ വീട്ടില്‍ ഇന്ദുലേഖ (39) യെ റിമാന്‍ഡ് ചെയ്തു. സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ചായയില്‍ എലിവിഷം കലര്‍ത്തി നല്‍കിയതാണ് രുക്മിണിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.

കിഴൂര്‍ കാക്കത്തിരുത്ത് റോഡില്‍ ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണി (58) യാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കിഴൂരില്‍ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവര്‍ക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നു. മകള്‍ക്ക് എട്ട് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണാഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വെച്ചാണ് ഇത്രയും ബാധ്യതയുണ്ടായതെന്നാണ് ഇന്ദുലേഖ പോലീസിനോട് പറഞ്ഞത്.വിദേശത്തുള്ള ഭര്‍ത്താവിന് ബാധ്യതകള്‍ അറിയാമായിരുന്നില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു. ഇതോടെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കേണ്ടിയിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുക്മിണി സമ്മതിച്ചില്ല. ഒരു മാസമായി പനിയുടെ ഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നല്‍കിയിരുന്നു. കറിയില്‍ ചേര്‍ത്താണ് ഇവ നല്‍കിയിരുന്നത്. കരള്‍രോഗ ബാധിതരാക്കി ആര്‍ക്കും സംശയമില്ലാത്ത രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ഭര്‍ത്താവിനെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവന്നതിന് ശേഷമാണ് അമ്മയ്ക്ക് ചായയില്‍ എലിവിഷം കലര്‍ത്തി നല്‍കിയത്. ആസ്ത്മയുടെ അസ്വസ്ഥതകളുള്ളതിനാല്‍ രുക്മിണിക്ക് രുചിവ്യത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനും അച്ഛനും ചായയില്‍ സോപ്പുലായനി കലര്‍ത്തി നല്‍കിയതായും മൊഴി നല്‍കിയിട്ടുണ്ട്. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം. ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയില്‍ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ക്കുണ്ടായ സംശയമാണ് കൊലപാതക സൂചന നല്‍കിയത്. ആശുപത്രിയില്‍ മഞ്ഞപ്പിത്തമെന്നും ഭക്ഷ്യവിഷബാധയെന്നും രണ്ട് കാരണങ്ങള്‍ ഇന്ദുലേഖ പറഞ്ഞിരുന്നു. രുക്മിണിയുടെ മരണത്തിന് ശേഷമാണ് പോലീസിന് വിവരം ലഭിക്കുന്നത്. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഇന്ദുലേഖയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെയാണ് വിഷത്തെക്കുറിച്ച് അന്വേഷിച്ചതിന്റെ തെളിവുകള്‍ ലഭിച്ചത്.

എ.സി.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ദുലേഖയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ വിഷത്തിന്റെ കുപ്പിയും മരുന്നുകളുടെ സ്ട്രിപ്പുകളും ലഭിച്ചു. ഫോറന്‍സിക് വിദഗ്ധരും വീട്ടില്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു. മൊബൈല്‍ഫോണ്‍ വിശദമായ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് ഇന്ദുലേഖയ്ക്കുള്ളത്. വിദ്യാര്‍ഥികളായ രണ്ട് മക്കളുണ്ട്.

Related posts

നിയമസഭക്കുള്ളിലെ തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ നിലകൊള്ളണം: സ്പീക്കർ

Aswathi Kottiyoor

കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾക്കു തുടക്കമായി

Aswathi Kottiyoor

എല്‍കെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും’;വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി.

Aswathi Kottiyoor
WordPress Image Lightbox