ഒരു വർഷം ഒരുലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 48,394 സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നു മന്ത്രി പി. രാജീവ്. സംരംഭക വർഷം പ്രമാണിച്ചു നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെൽപ് ഡസ്ക് വഴിയുള്ള സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബജറ്റിതര വിഭവ സമാഹരണം കേന്ദ്രത്തിനാകാം, കേരളത്തിനായിക്കൂടാ എന്നു കേന്ദ്ര നിലപാട്
തിരുവനന്തപുരം: ബജറ്റിതര വിഭവ സമാഹരണം കേന്ദ്രത്തിനാകാം കേരളത്തിനായിക്കൂടാ എന്നാണു കേന്ദ്രസർക്കാർ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിലെ പരാമർശം ചൂണ്ടിക്കാട്ടിയാണു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
എയർ ഇന്ത്യാഹോൾഡിംഗ് കന്പനി, ഇന്ത്യൻ റെയിൽവേയ്സ് ഫിനാൻസ് കോർപറേഷൻ, ദേശീയപാതാ അഥോറിറ്റി തുടങ്ങിയവ കടം എടുക്കുന്ന തുക കേന്ദ്രസർക്കാർ കണക്കിൽ കാണിച്ചിട്ടില്ല. 2016-17 വർഷത്തിൽ കേന്ദ്രസർക്കാർ 79,167 കോടിയും 2017-18ൽ 88,095 കോടിയും 2018-19 ൽ 1,62,605 കോടിയും 2019-20 ൽ 1,48,316 കോടിയുമാണ് ബജറ്റിതര വിഭവസമാഹരണത്തിനായി കടമെടുത്തത്. കേന്ദ്രത്തിനിതാകാം നമുക്കിതായിക്കൂടാ എന്നാണോ കേന്ദ്ര നിലപാടെന്നും മുഖ്യമന്തി പറഞ്ഞു.
കേന്ദ്രനയം സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്നു
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പിന്തുടരുന്ന സാന്പത്തിക നയങ്ങൾ സംസ്ഥാനത്തെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുകയാണെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന റവന്യു വരുമാനത്തിന്റെ പ്രധാന സ്രോതസ് കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയുള്ള വിഭവ കൈമാറ്റവുമാണ്. കുറേ വർഷങ്ങളായി കേരളത്തിനു ലഭിക്കേണ്ട വിഹിതത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. കേന്ദ്ര ആസൂത്രണകമ്മീഷൻ നിലവിലുണ്ടായിരുന്നപ്പോൾ ലഭിച്ചിരുന്ന ഒറ്റത്തവണ കേന്ദ്രസഹായം, അധിക കേന്ദ്രസഹായം, സാധാരണ കേന്ദ്ര സഹായം എന്നിവ ഇതിനകം നിർത്തലാക്കിയെന്നും മന്ത്രി പറഞ്ഞു.
രണ്ടു ഘട്ടങ്ങളിലായി വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തു രണ്ടു ഘട്ടങ്ങളിലായി വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. ഒന്നാം ഘട്ടത്തിൽ 37 ലക്ഷം ഉപഭോക്താക്കൾക്കും രണ്ടാം ഘട്ടത്തിൽ 96 ലക്ഷം ഉപഭോക്താക്കൾക്കുമാണു സ്മാർട്ട് മീറ്റർ സ്ഥാപിക്കുക. ഗാർഹിക ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗ് പ്രതിമാസം എടുക്കില്ലെന്നും രണ്ട് മാസത്തൊലിരിക്കൽ എടുക്കുന്നതു തുടരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 1165 വൈദ്യുതി പോസ്റ്റുകളിൽ വൈദ്യുതി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും. ഇതിൽ 412 എണ്ണം ഇതിനോടകം പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.
ന്യൂസ് പ്രിന്റ് വിലയിലെ ക്രമാതീത വർധനവ് അച്ചടിമാധ്യമരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു
തിരുവനന്തപുരം: പത്രങ്ങൾ അച്ചടിക്കാനായി ഉപയോഗിക്കുന്ന ന്യൂസ് പ്രിന്റിന്റെ വില ക്രമാതീതമായി വർധിക്കുന്നത് അച്ചടിമാധ്യമരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നു വ്യവസായ മന്ത്രി പി. രാജീവ്. യു.എ. ലത്തീഫിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ന്യൂസ് പ്രിന്റ് ഇറക്കുമതിയിൽ 55 ശതമാനം ഇടിവാണ് ഉണ്ടായത്. ഇറക്കുമതിക്ക് അഞ്ചു ശതമാനം സെസ് കൂടി ഏർപ്പെടുത്തിയതോടെ വൻ വിലകൊടുത്ത് ന്യൂസ് പ്രിന്റ് വാങ്ങേണ്ട സ്ഥിതിയാണ്. കോവിഡ് പ്രതിസന്ധിയിൽ വിദേശ രാജ്യങ്ങളിലെ പല ന്യൂസ് പ്രിന്റ് ഫാക്ടറികളും അടച്ചുപൂട്ടി. ഇതോടെ ഉത്പാദനത്തിലും വൻ കുറവ് ഉണ്ടായി. മുൻപ് നല്കിയിരുന്നതിന്റെ ഇരട്ടിയോ അതിലധികമോ വില നല്കി ന്യൂസ് പ്രിന്റ് വാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോൾ. .ഇത് ഇടത്തരം, ചെറുകിട മാധ്യമസ്ഥാപനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കുന്നു. കോട്ടയം ജില്ലയിലെ വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്സ് ഫാക്ടറി പൂർണമായും ഉത്പാദനം നടത്തുന്പോൾ സംസ്ഥാനത്തെ മാധ്യമ സ്ഥാപനങ്ങൾക്കാവശ്യമായ ന്യൂസ് പ്രിന്റ് അവിടെ നിന്നും വാങ്ങാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉച്ചഭക്ഷണ പദ്ധതി: ഒരുകുട്ടിക്ക് 20 രൂപ അനുവദിക്കുന്നത് പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുളള ഉച്ചഭക്ഷണ പദ്ധതിയിൽ സപ്ലിമെന്ററി ന്യൂട്രീഷന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള പാൽ, മുട്ട, നേന്ത്രപ്പഴം എന്നിവയുടെ വിതരണത്തിനായി ഒരു കുട്ടിക്ക് ആഴ്ചയിൽ 20 രൂപ അനുവദിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അൻവർ സാദത്തിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്കൂൾ കുട്ടികൾക്ക് പാൽ, മുട്ട എന്നിവ നൽകുന്ന സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടി പൂർണമായും സംസ്ഥാനപദ്ധതിയാണ്. നിലവിലുള്ള പാചകച്ചെലവ് സ്ലാബ് സന്പ്രദായത്തിൽനിന്ന് മാറ്റി പ്രൈമറിയും അപ്പർ പ്രൈമറിയുമായി തിരിച്ച് ആറു രൂപ എട്ടുരൂപ എന്നിങ്ങനെയാക്കുന്ന കാര്യവും പരിഗണിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേമ പെൻഷനുകൾ മുടങ്ങില്ല
തിരുവനന്തപുരം: സംസ്ഥാനത്തു നൽകിവരുന്ന ക്ഷേമ പെൻഷനുകൾ മുടങ്ങില്ലെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. ജൂലൈ, ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചുവരികയാണ്. പ്രതികൂല സാന്പത്തിക സാഹചര്യത്തിലും സാന്പത്തിക അച്ചടക്കത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിനിന്നു ക്ഷേമ വികസനപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോകാനാണു സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരേ സ്ഥലത്ത് വർഷങ്ങളായി ജോലി ചെയ്യുന്ന ഡോക്ടർമാരെ സ്ഥലം മാറ്റും
തിരുവനന്തപുരം: വർഷങ്ങളായി ഒരേ സ്ഥലത്തുതന്നെ ജോലി ചെയ്യുന്ന ഡോക്ടർമാരെ അവിടെനിന്നു മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്. ഒരു ആശുപത്രിയിൽ ജോലി ചെയ്യാൻ മൂന്നുവർഷമാണ് കഴിയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതി: കൂടുതൽ തൊഴിൽദിനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടും
തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്തിനു കൂടുതൽ തൊഴിൽ ദിനങ്ങൾ നല്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ. പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2022-23 വർഷം സംസ്ഥാനം ആവശ്യപ്പെട്ടത് 10.32 കോടി തൊഴിൽദിനങ്ങളായിരുന്നു. എന്നാൽ കേന്ദ്രം അനുവദിച്ചത് ആറു കോടി തൊഴിൽ ദിനങ്ങൾ മാത്രമാണ്. ഇതിൽ വർധനവ് വേണമെന്ന ആവശ്യമാണ് കേന്ദ്രത്തിനു മുന്നിൽ വയ്ക്കുക. കഴിഞ്ഞ വർഷം ഏഴു കോടി തൊഴിൽ ദിനങ്ങളായിരുന്നു കേന്ദ്രം അനുവദിച്ചിരുന്നത്. എന്നാൽ 10.59 കോടി തൊഴിൽ ദിനം സൃഷ്ടിച്ചു. 311 രൂപയാണ് ഇപ്പോൾ നല്കുന്ന വേതനം. ഇതിൽ വർധന വേണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്.
പ്രളയം നിയന്ത്രിക്കാൻ പുതിയ ഡാമുകൾ നിർമിക്കുന്നത് പരിഗണിക്കും
തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന പ്രളയം തടയുന്നതിന് കേരളത്തിൽ പ്രളയ നിയന്ത്രണ ഡാമുകൾ നിർമിക്കുന്നത് പരിശോധിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി ഇതിന്റെ പ്രാഥമിക ചർച്ചകൾ നടത്തി. താരതമ്യേന വലിപ്പം കുറഞ്ഞ ഇത്തരം അണക്കെട്ടുകളുടെ പ്രാഥമിക ലക്ഷ്യം പ്രളയ കാലത്ത് ജലം സംഭരിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുകയെന്നതാണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേരളത്തിലെ മുഴുവൻ നദികളെയും ഉൾപ്പെടുത്തി ഇക്കാര്യം പഠിക്കുന്നതിനായി സമിതിയെ ഉടൻ നിയോഗിക്കും. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും നദികൾ സംരക്ഷിക്കുന്നതിനും ഇതു സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.