റഷ്യയുടെ യുക്രൈന്‍ ആക്രമണം തുടങ്ങുംമുമ്പുള്ള നിലയിലേക്ക് ക്രൂഡ് ഓയില്‍ വില താഴ്ന്നിരിക്കുന്നു. അമേരിക്കയുടെ സംഭരണം കുറയുകയും റഷ്യയില്‍നിന്നുള്ള എണ്ണയുടെ വരവുകൂടുകയും ചെയ്തിട്ടും ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയാണ് കാരണം.
റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീഷണിയാണ് നേരത്തേ ആഗോള ഊര്‍ജ വിപണിയെ ബാധിച്ചത്. മറ്റു വന്‍കിട എണ്ണ ഉല്‍പാദകരേക്കാള്‍ ആഗോള എണ്ണ വിപണിയില്‍ റഷ്യയുടെ ശക്തമായ സാന്നിധ്യം കാരണം ക്രൂഡോയിലിന്റെ വില റിക്കാര്‍ഡുയരത്തിനടുത്തെത്തിയിരുന്നു.
റഷ്യ ഉക്രെയിനെ ആക്രമിച്ചതോടെ പെട്ടെന്നുതന്നെ എണ്ണ സൂചികയായ ന്യൂയോര്‍ക്കിലെ നയ്‌മെക്‌സില്‍ വര്‍ഷാദ്യം ബാരലിന് 85.5 ഡോളറായിരുന്നത് 126 ഡോളറായി ഉയര്‍ന്നു. നിക്ഷേപകര്‍ ആഗോള സാമ്പത്തിക കണക്കുകള്‍ക്കുപിന്നാലെ പോയതിനാല്‍ പിന്നീട് ആഗോള മാന്ദ്യ ഭീഷണി വിലയെ ബാധിക്കുകയായിരുന്നു. ഇതോടെ ഉയര്‍ന്ന നിരക്കില്‍നിന്ന് ഈ വര്‍ഷം ഇതുവരെ വിലയില്‍ 40 ശതമാനത്തിലേറെ തിരുത്തലുണ്ടായി.
നിരന്തരവും ത്വരിതവുമായ വിലക്കയറ്റം മുഖ്യ സമ്പദ് വ്യവസ്ഥകളില്‍ മാന്ദ്യത്തിനു സാധ്യത വര്‍ധിപ്പിച്ചതിനാല്‍ കേന്ദ്ര ബാങ്കുകള്‍ക്കു പലിശ നിരക്കു വര്‍ധിപ്പിക്കേണ്ടി വന്നു. കൂടിയ പലിശ നിരക്കുകള്‍ പണം ചിലവഴിക്കുന്നതിന് ഉപഭോക്താക്കളെ വിമുഖരാക്കുകയും അത് എണ്ണ പോലുള്ള അവശ്യ വസ്തുക്കളുടെ ഡിമാന്റ് കുറയ്ക്കുകയും ചെയ്തു.
വളരുന്ന വിലക്കയറ്റവും റഷ്യ-ഉക്രെയിന്‍ യുദ്ധവുംഅന്തര്‍ദേശീയ നാണ്യ നിധി ഈയിടെ ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് സംബന്ധിച്ച കണക്കുകളില്‍ തിരുത്തല്‍ വരുത്തിയിരുന്നു. ഏജന്‍സിയുടെ കണക്കുകളനുസരിച്ച് ആഗോള തലത്തില്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ നിരക്ക് 2022 ല്‍ നേരത്തേ പ്രതീക്ഷിച്ചിരുന്ന 3.6 ശതമാനത്തില്‍നിന്ന് 3.2 ശതമാനമായി കുറയുമെന്നാണ് കണ്ടെത്തല്‍. 2023ലെ വളര്‍ച്ചാ നിരക്ക് നേരത്തേ പ്രതീക്ഷിച്ചിരുന്ന 3.6 ശതമാനത്തില്‍ നിന്ന് 2.9 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ ചൈനയില്‍ നിന്നുള്ള ഡിമാന്റ് കുറയാനുള്ള സാധ്യതയും എണ്ണ വിലയെ ബാധിച്ചു. ദുര്‍ബ്ബലമായ സാമ്പത്തിക കണക്കുകളും കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ ലോക്ഡൗണുകള്‍ വരാനുള്ള സാധ്യതയും ചൈനയുടെ എണ്ണ ഡിമാന്റിനെ ബാധിച്ചിട്ടുണ്ട്. യുഎസില്‍ നിന്നുള്ള എണ്ണ ഡിമാന്റിലും കുറവു വരാനുള്ള സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യുഎസിന്റെ വളര്‍ച്ചാ നിരക്ക് ഐഎംഎഫ് ഈയിടെ കുറച്ചിരുന്നു. ആഗോള എണ്ണയുടെ 30 ശതമാനത്തോളം ഉപയോഗിക്കുന്നത് ചൈനയും യുഎസുമാണ്.
ഉപരോധ തടസങ്ങള്‍ മറികടന്ന് റഷ്യ അവരുടെ എണ്ണ ഉല്‍പാദനം ക്രമേണ വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ്. താരതമ്യേന കുറഞ്ഞ വില ആയതിനാല്‍ റഷ്യന്‍ എണ്ണ ഉപയോഗിക്കാനാണ് പല ഏഷ്യന്‍ ഉപഭോക്താക്കളും താല്‍പര്യപ്പെടുന്നത്. അഭ്യന്തര ഉപയോഗം പെട്ടെന്നു കൂടുകയും കയറ്റുമതി ശക്തിയാര്‍ജിക്കുകയും ചെയ്തതിനാല്‍ പെട്രോളിന്റേയും അനബന്ധ ഉല്‍പന്നങ്ങളുടേയും സ്റ്റോക്ക് യുഎസില്‍ കുറഞ്ഞു വരികയാണ്. ആസന്നമായ ശരത്കാല ഉപയോഗം കൂടി കണക്കിലെടുത്ത് പൂര്‍ണ തോതില്‍ ഉല്‍പാദനം നടത്താനുള്ള ഒരുക്കത്തിലാണ് അവിടത്തെ എണ്ണ സംസ്‌കരണ ശാലകള്‍.