22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബാരിക്കേഡു തകർത്തു; കടലിലും കരയിലും പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ.*
Kerala

ബാരിക്കേഡു തകർത്തു; കടലിലും കരയിലും പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ.*

*
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഏഴാം ദിവസവും ശക്തം. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കടലിലും കരയിലും മത്സ്യത്തൊഴിലാളികൾ പ്രതിഷേധ സമരം ആരംഭിച്ചു. ബോട്ടുകളിൽ മത്സ്യത്തൊഴിലാളികൾ തുറമുഖ നിർമാണം നടക്കുന്ന മേഖലയിലേക്കെത്തി പ്രതിഷേധിച്ചു. വിഴിഞ്ഞത്തെ തുറമുഖ കവാടത്തിന്റെ ഗേറ്റ് തകർത്ത് നൂറു കണക്കിനു പ്രതിഷേധക്കാർ പദ്ധതി പ്രദേശത്തേക്കു മാർച്ച് നടത്തി. തുറമുഖ നിർമാണ മേഖലയിൽ പ്രതിഷേധക്കാർ കൊടികൾ നാട്ടി. സർക്കാർ രേഖാമൂലമുള്ള ഉറപ്പ് തരാതെ സമരത്തിൽനിന്നു പിൻമാറില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.തുറമുഖ കവാടത്തിനു മുന്നിലായിരുന്നു ഇതുവരെയുള്ള സമരമെങ്കിൽ ഇന്ന് കടലിലേക്കും സമരം വ്യാപിപ്പിക്കുകയായിരുന്നു. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പൂന്തുറ ഇടവകയാണ് ഇന്ന് കരമാർഗമുള്ള പ്രതിഷേധ സമരത്തിനു നേതൃത്വം നൽകിയത്. രാവിലെ പൂന്തുറയിൽനിന്ന് നൂറുകണക്കിനു മത്സ്യത്തൊഴിലാളികൾ ബൈക്കുകളിലും മറ്റു വാഹനങ്ങളിലും വിഴിഞ്ഞത്തേക്കെത്തി. ഈ സമയം വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ കടലിലൂടെ ബോട്ടുകളിൽ നിർമാണ മേഖലയിലേക്കു കടന്നു പ്രതിഷേധിച്ചു.

തുറമുഖ ഗേറ്റിനു മുന്നിൽ ബാരിക്കേഡുകൾ നിരത്തി പ്രതിഷേധക്കാരെ തടയാനുള്ള പൊലീസിന്റെ ശ്രമം വിഫലമായി. പ്രതിഷേധക്കാർ മൂന്നു സ്ഥലത്തെ ബാരിക്കേഡുകൾ തകർത്തശേഷം പ്രധാന ഗേറ്റിനു മുന്നിലെത്തി. ഗേറ്റിന്റെ പൂട്ടുകൾ മത്സ്യത്തൊഴിലാളികൾ തകർത്ത് അകത്തേക്കു കടന്നു. പൊലീസ് ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കാത്തതിനാൽ സംഘർഷം ഒഴിവായി. പുലിമുട്ടുകൾക്കും പാറകൾക്കും മുകളിലൂടെയാണ് പ്രതിഷേധക്കാർ നിർമാണ മേഖലയിലേക്കു കടന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രതിഷേധ സമരത്തിന്റെ ഭാഗമായി.കടൽ മാർഗം കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാർ വിഴിഞ്ഞം തുറമുഖത്തെ ഉപരോധിച്ചു. അൻപതോളം ബോട്ടുകൾ ഉപരോധ സമരത്തിൽ പങ്കെടുത്തു. പുനരധിവാസ പാക്കേജ് കൃത്യമായി നടപ്പിലാക്കണമെന്നു പ്രതിഷേധത്തിൽ പങ്കെടുത്ത സമരക്കാർ ആവശ്യപ്പെട്ടു. തങ്ങളുടെ തീരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഗേറ്റിന്റെ പൂട്ട് തകർത്ത് നിർമാണ ഭാഗത്തേക്ക് മത്സ്യത്തൊഴിലാളികൾ കടന്നത്. വൈകിട്ട് മന്ത്രിതല ചർച്ച നടക്കുന്നതിനാൽ പ്രതിഷേധക്കാരെ ബലംപ്രയോഗത്തിലൂടെ നീക്കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചിട്ട് ഒരാഴ്ചയായി. പ്രതിഷേധത്തിന്റെ ഭാഗമായി തുറമുഖ നിർമാണം തടസ്സപ്പെട്ടത് അദാനി പോർട്സ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണു സമരം. ചെറിയതുറ, സെന്റ് സെബാസ്റ്റ്യൻ വെട്ടുകാട്, സെന്റ് സേവ്യേഴ്സ് വലിയതുറ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തി പൂന്തുറ ഇടവകയാണു പുതിയ സമരമുഖം തുറന്നത്. രാവിലെ 9ന് അഞ്ഞൂറിൽപരം വാഹനങ്ങളെ പങ്കെടുപ്പിച്ചു പ്രതിഷേധ ജാഥ തുടങ്ങി. അതേസമയം കടലിലൂടെ വള്ളമിറക്കിയുള്ള പ്രതിഷേധ ജാഥ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തു നിന്നു ഫ്ലാഗ് ഓഫ് ചെയ്തു. നൂറിൽപരം വള്ളങ്ങൾ ഒരേസമയം വിഴിഞ്ഞം തുറമുഖത്തിനെ വലയം ചെയ്തു പ്രതിഷേധിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതു വരെ പിന്നോട്ടു പോകില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരത്തിലേക്കു നീങ്ങുമെന്നും സമരസമിതി അറിയിച്ചു. രാപകൽ ഉപരോധ സമരത്തിൽ ഇന്നലെ പ്രാർഥനാദിനമായി ആചരിച്ചു.

Related posts

ജില്ലയില്‍ 436 പേര്‍ക്ക് കൂടി കൊവിഡ്; 423 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

പെൻഷൻകാരുടെ ആശ്രിതർക്കും ആരോഗ്യപരിരക്ഷ ; മെഡിസെപ്‌ തീരുമാനം നാളെ മന്ത്രിസഭാ യോഗത്തിൽ .

Aswathi Kottiyoor

കോ​വി​ഡ്: ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ മൂ​ന്നു സ്കൂ​ളു​ക​ൾ അ​ട​ച്ചു

Aswathi Kottiyoor
WordPress Image Lightbox