വിഴിഞ്ഞം തുറമുഖകവാടത്തില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് നാലാം ദിവസമാണ്. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡ് മറിച്ചിട്ട് തുറമുഖത്തേക്കു മാര്‍ച്ച് നടത്തുകയായിരുന്നു. തുറമുഖത്തേക്കു കടക്കാതിരിക്കാനായി പോലീസ് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകള്‍ സമരക്കാര്‍ മറിച്ചിട്ടു. പോലീസിന്റെ വലിയ സന്നാഹമാണ് സ്ഥലത്തുള്ളത്.
ഇതിനിടെ ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്‍ ഇന്ന് ലത്തീന്‍ അതിരൂപതാ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുംവരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് സമരക്കാർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ അതിരൂപതാ പ്രതിനിധികളെ ബന്ധപ്പെട്ടത്. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുന്നതായി അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ മധ്യസ്ഥര്‍ സര്‍ക്കാരുമായും സമരക്കാരുമായും അദാനി തുറമുഖ കമ്പനി അധികൃതരുമായും ചര്‍ച്ച നടത്തി. സമരക്കാരുന്നയിക്കുന്ന പരമാവധി വിഷയങ്ങള്‍ക്ക് നടപടിയുണ്ടാക്കുന്നതരത്തില്‍ പ്രശ്‌നപരിഹാരം സാധ്യമാക്കാനാണ് ശ്രമം.തുറമുഖ പദ്ധതിയുടെ പുനരധിവാസ പാക്കേജ് ചര്‍ച്ച ചെയ്യാന്‍ 22-ന് മന്ത്രിതല ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭാനേതൃത്വത്തെ കാണുമെന്നാണ് സൂചന. ഇക്കാര്യം മുഖ്യമന്ത്രിയും മധ്യസ്ഥര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരും ജില്ലയിലെ മന്ത്രിമാരും ആറോളം വകുപ്പ് മേധാവിമാരുമുള്‍പ്പെടുന്ന സമിതിയാണ് 22-ന് യോഗം ചേരുന്നത്. എന്നാല്‍ ഈ ചര്‍ച്ചയിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നാണ് അതിരൂപതാ പ്രതിനിധികള്‍ പറയുന്നത്.
പുനരധിവാസ പാക്കേജിന്റെ ഭാഗമായി ജില്ലയില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെയും പട്ടിക തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതികാരണം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കി പുനരധിവാസം ഉറപ്പാക്കുക, തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തുക, മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്നാട് മോഡല്‍ സബ്സിഡി നടപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.