21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വൈദ്യുതിനിരക്ക്‌ കുതിക്കും പെട്രോൾവിലപോലെ ; റഗുലേറ്ററി കമീഷൻ നോക്കുകുത്തിയാകും
Kerala

വൈദ്യുതിനിരക്ക്‌ കുതിക്കും പെട്രോൾവിലപോലെ ; റഗുലേറ്ററി കമീഷൻ നോക്കുകുത്തിയാകും

കേന്ദ്ര സർക്കാർ വൈദ്യുതി ചട്ടം ഭേദഗതി ചെയ്‌താൽ നിരക്ക്‌ പെട്രോൾവിലപോലെ കുതിച്ചുയരും. സംസ്ഥാനങ്ങളിൽ വൈദ്യുതിനിരക്ക്‌ നിശ്ചയിക്കുന്നത്‌ റഗുലേറ്ററി കമീഷനാണ്‌. ചട്ടഭേദഗതി നിലവിൽ വരുന്നതോടെ ഈ അധികാരം പൂർണമായും വിതരണക്കമ്പനികൾക്കാകും. കമീഷൻ നോക്കുകുത്തിയാകും. കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവയുടെ വില നിർണയാധികാരം എണ്ണക്കമ്പനികൾക്ക്‌ വിട്ടുകൊടുത്തതിനു സമാനമാണിത്‌.

വൈദ്യുതിനിരക്ക്‌ കൂട്ടാനും നിശ്ചയിക്കാനുള്ള അധികാരം റഗുലേറ്ററി കമീഷനിൽനിന്ന്‌ മാറ്റുന്നതോടെ കമ്പനികൾക്ക്‌ തോന്നുംപടി വില കൂട്ടാം. പ്രധാനമായും വൈദ്യുതി വാങ്ങൽ ചെലവിന്റെ മറവിലാകും കൊള്ള. കമ്പനികൾക്ക്‌ വാങ്ങൽച്ചെലവ്‌ പെരുപ്പിച്ചുകാട്ടി കബളിപ്പിക്കാനാകും. 2003ലെ വൈദ്യുതി നിയമത്തിന്റെ ലംഘനമാണ്‌ കരട്‌ ചട്ട ഭേദഗതിയെന്ന്‌ വിമർശം ഉയരുന്നുണ്ട്‌. വിലനിർണായം റഗുലേറ്ററി കമീഷനുകളിൽ നിക്ഷിപ്‌തമാക്കുന്നതാണ്‌ നിയമത്തിന്റെ അന്തഃസത്ത. ഇതിന്റെ ലംഘനമാണ്‌ ചട്ടഭേദഗതിയെന്നും ഊർജമേഖലയിലെ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഇത്‌ നിയമപോരാട്ടത്തിന്‌ വഴിവച്ചേക്കും.

വൈദ്യുതിനിയമ ഭേദഗതി സ്റ്റാൻഡിങ്‌ സമിതിക്ക്‌ വിട്ടതിനു പിന്നാലെ ചട്ടഭേദഗതിയുമായി കേന്ദ്രം രംഗത്തെത്തിയത്‌ ഏതുവിധേനയും വൈദ്യുതിരംഗം കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കാനുള്ള നീക്കത്തിന്‌ തെളിവാണ്‌. നിർദിഷ്ട വൈദ്യുതി നിയമഭേദഗതിയിൽ മൂന്നുമാസത്തിലൊരിക്കൽ നിരക്ക്‌ പരിഷ്‌കരണം അനുവദിച്ച്‌ കമ്പനികൾക്ക്‌ ഉപയോക്താക്കളെ പിഴിയാനുള്ള അനുമതിയാണുള്ളത്‌. എന്നാൽ, ചട്ടഭേദഗതിയിലൂടെ എല്ലാമാസവും വിലകൂട്ടാൻ കമ്പനികൾക്ക്‌ അധികാരം നൽകുന്നതിലെ കോർപറേറ്റ്‌ അജൻഡ വ്യക്തം.

അടിച്ചേൽപ്പിച്ചാൽ ഷോക്കാകും
വൈദ്യുതി ചട്ട ഭേദഗതി കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നടപ്പാക്കാൻ നിർബന്ധിതമാകും. കെഎസ്‌ഇബിക്കുണ്ടാകുന്ന അധികച്ചെലവ്‌ വർഷാവസാനം റഗുലേറ്ററി കമീഷന്‌ സമർപ്പിച്ച്‌ അംഗീകാരം വാങ്ങുകയാണ്‌ പതിവ്‌. ഉചിതമായ താരിഫ്‌ പരിഷ്‌കരണം കമീഷൻ അനുവദിക്കും. പരിഷ്‌കരണമാകട്ടെ വർഷങ്ങളുടെ ഇടവേളകളിലാണ്‌. ചട്ടഭേദഗതി പ്രാബല്യത്തിലായാൽ ഈ രീതിമാറും. മാസംതോറും നിരക്കുകൂട്ടി ബാധ്യത ഈടാക്കാമെന്നാണ്‌ ഭേദഗതി. ഇത്തരത്തിൽ ഈടാക്കിയില്ലെങ്കിൽ പിന്നീടിതിന്‌ കഴിയില്ല. സ്വാഭാവികമായും കെഎസ്‌ഇബിയും നിരക്ക്‌ കൂട്ടേണ്ടിവരും. കെഎസ്‌ഇബിയുടെ ആകെ ചെലവിന്റെ 60 ശതമാനം വാങ്ങൽ ഇനത്തിലാണ്‌. മറ്റു സംസ്ഥാനങ്ങളിൽ 80 ശതമാനംവരെയാണ് ഇത്‌.

22ന് മന്ത്രിതല യോഗം
വൈദ്യുതി നിയമഭേദഗതി, ചട്ടഭേദഗതി എന്നിവയിൽ കേരളത്തിന്റെ നിലപാട്‌ കേന്ദ്രത്തെ അറിയിക്കുന്നതിന്റെ ഭാഗമായി വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേരും. 22ന് നടക്കുന്ന യോഗത്തിൽ കെഎസ്‌ഇബി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. വിശദമായ ചർച്ചയ്‌ക്കുശേഷം ഇരു വിഷയത്തിലും തീരുമാനം ഔദ്യോഗികമായി അറിയിക്കും. നിയമഭേദഗതിയിൽ മറുപടി പാർലമെന്റ്‌ ഊർജകാര്യ സ്ഥിരംസമിതിക്കും ചട്ടഭേദഗതിയിലെ തീരുമാനം ഊർജമന്ത്രാലത്തിനും നൽകും. ഭേദഗതികൾ രാജ്യത്തെ വൈദ്യുതിരംഗം സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതാനെന്നാണ്‌ വിലയിരുത്തൽ. ആവശ്യമെങ്കിൽ നിയമപോരാട്ടവും നടത്തും.

Related posts

പ്ലസ്ടു ക്ലാസിലെ അർത്ഥന, ക്ലാസായ ക്ലാസെല്ലാം കയറിയിറങ്ങി നടത്തിയ അന്വേഷണം

Aswathi Kottiyoor

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കോടികള്‍ ചെലവാക്കണ്ട സ്ഥിതിയെന്ന് റിപ്പോര്‍ട്ടുകള്‍

Aswathi Kottiyoor

പി.ടി. ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിത

Aswathi Kottiyoor
WordPress Image Lightbox