കേളകം: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന സപ്തദിന സഹവാസ ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്ന് വീടുകളിൽ നിന്ന് സ്കൂളിലേക്ക് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യാർത്ഥികൾ ‘സ്വാതന്ത്ര്യാമൃതം’ എന്ന പേരിൽ, സ്വാതന്ത്ര്യ ദിനവും ഉൾപ്പെടുത്തി നടന്ന ക്യാമ്പിൽ പങ്കെടുത്തത്. 2022 ഓഗസ്റ്റ് 12 മുതൽ 18 വരെ നടന്ന ക്യാമ്പ് ഓഗസ്റ്റ് 12ന് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. പവിത്രൻ ഗുരുക്കളുടെ നേതൃത്വത്തിൽ നടന്ന യോഗ പരിശീലനം, കൾച്ചറൽ പ്രോഗ്രാം, സാമൂഹിക സേവനം, ചിട്ടയായ അസംബ്ലി, തുടങ്ങിയവ വിദ്യാർത്ഥികളുടെ സാമൂഹ്യ അവബോധം വളർത്തുവാനും അവർക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് നൽകുവാനും സഹായിച്ചു. ക്രിയേറ്റീവ് ഡ്രാമ, സ്പീക്കിംഗ് വർക്ക്ഷോപ്പ്, റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്, രോഗപ്രതിരോധത്തിനായിട്ടുള്ള ബോധവൽക്കരണം, തുടങ്ങി വിവിധ ക്ലാസുകൾ പ്രമുഖ വ്യക്തികൾ നയിച്ചു. കൂടാതെ കർഷകരെ ആദരിക്കൽ, ക്യാമ്പസ് ക്ലീനിങ്, മാതാപിതാക്കളുടെ സംഗമം, കുട്ടികളുടെ നിരവധി കലാപരിപാടികൾ എന്നിവ നടന്നു.
സമാപന സമ്മേളനം പതിനേഴാം തീയതി, പ്രോഗ്രാം ഓഫീസർ ഷാജി എ. സി. യുടെ നേതൃത്വത്തിൽ നടന്നു. പ്രിൻസിപ്പാൾ ശ്രീ ഗീവർഗീസ് സ്വാഗതം അനുഷ്ഠിച്ച സംസാരിച്ചു. കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത വാത്യാട്ട് ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ എം വി മാത്യു, സ്കൂൾ മാനേജർ ഫാ. ബിനു, പവിത്രൻ ഗുരുക്കൾ, സ്റ്റാഫ് സെക്രട്ടറി അനിത ആർ, പി ടി എ പ്രസിഡന്റ് സിസി സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് എൻ എസ് എസ് ലീഡർ ദേവപ്രിയ നന്ദി അറിയിച്ചതോടെ സപ്തദിന എൻഎസ്എസ് ക്യാമ്പിന് കൊടിയിറങ്ങി.