22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ‘കേരള സവാരി’ ; സർക്കാരിന്റെ ഓൺലൈൻ ടാക്‌സി സർവീസ്‌ തലസ്ഥാനത്ത്‌ ഇന്നുമുതൽ
Kerala

‘കേരള സവാരി’ ; സർക്കാരിന്റെ ഓൺലൈൻ ടാക്‌സി സർവീസ്‌ തലസ്ഥാനത്ത്‌ ഇന്നുമുതൽ

സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പുവരുത്താൻ സംസ്ഥാനത്തിന്റെ സ്വന്തം ഓൺലൈൻ ടാക്‌സി സർവീസായ ‘കേരള സവാരി’ ബുധനാഴ്‌ച നിരത്തിലിറങ്ങും. കനകക്കുന്നിൽ പകൽ 12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരുസംസ്ഥാനം ഓൺലൈൻ ടാക്‌സി സർവീസ്‌ ആരംഭിക്കുന്നത്‌. തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിലാണ്‌ പദ്ധതി നടപ്പാക്കുക. 302 ഓട്ടോയും 226 ടാക്‌സിയും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 22 പേർ വനിതകളാണ്‌. ഉദ്‌ഘാടനശേഷം ആപ്ലിക്കേഷൻ പ്ലേസ്‌റ്റോറിലും ഒരാഴ്‌ചയ്‌ക്കകം ആപ്‌ സ്‌റ്റോറിലും ലഭ്യമാകും. സർക്കാർ നിശ്‌ചയിച്ച ഓട്ടോ–- ടാക്‌സി നിരക്കിന്‌ പുറമെ എട്ടുശതമാനമാണ്‌ സർവീസ്‌ ചാർജ്‌. മറ്റു ടാക്‌സി സർവീസുകളേക്കാൾ കുറവാണിത്‌. ഫ്ലക്സി നിരക്കല്ലാത്തതിനാൽ തിരക്കുള്ള സമയത്ത്‌ കൂടുതൽ തുക നൽകേണ്ട. യാത്രക്കാർക്ക്‌ ഡ്രൈവറെയും തിരിച്ചും വിലയിരുത്താം.

കേരള സവാരിയുടെ വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും പുതുതായി ഡ്രൈവർമാർക്ക്‌ രജിസ്‌റ്റർ ചെയ്യാം. മൂന്നുമാസമാണ്‌ പൈലറ്റ്‌ പദ്ധതിയെങ്കിലും വിജയമെന്ന്‌ കണ്ടാൽ മറ്റിടങ്ങളിലേക്ക്‌ വ്യാപിപ്പിക്കും. രണ്ടാംഘട്ടത്തിൽ കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്‌, കണ്ണൂർ എന്നീ കോർപറേഷൻ പരിധിയിലാണ്‌ സർവീസ്‌ ആരംഭിക്കുക.

ആപ്ലിക്കേഷനിലുള്ള പാനിക്‌ ബട്ടൺ ആപൽഘട്ടങ്ങളിൽ യാത്രക്കാർക്ക്‌ തുണയാകും. സമീപത്തെ പൊലീസ്‌ സ്‌റ്റേഷനിലേക്കും കൺട്രോൾ റൂമിലേക്കുമാണ്‌ വിവരമെത്തുക. ആംബുലൻസ്‌, ഫയർഫോഴ്‌സ്‌ സേവനങ്ങൾ തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്‌. ഡ്രൈവർമാർക്ക്‌ ജാക്കറ്റും ഐഡി കാർഡും നൽകും. കേരള സവാരിയുടെ സ്‌റ്റിക്കർ വാഹനത്തിന്റെ മുന്നിലും പിറകിലുമുണ്ടാകും. യാത്രക്കാർക്ക്‌ ആപ്ലിക്കേഷനിൽ പരാതി സമർപ്പിക്കാനുള്ള സൗകര്യത്തിനുപുറമെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ആരംഭിച്ചു. നമ്പർ: 9072 272 208.

തൊഴിൽ വകുപ്പിന്‌ കീഴിൽ മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡ്‌ നടപ്പാക്കുന്ന പദ്ധതിക്ക്‌ സാങ്കേതികസഹായം പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്‌ട്രീസാണ്‌ നൽകുന്നത്‌. ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രി ആന്റണി രാജു വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്യും.

Related posts

അശ്ലീല സീരീസ് തടയണം, ദൃശ്യങ്ങൾ പിടിച്ചെടുക്കണം: യുവനടന്‍ ഹൈക്കോടതിയിൽ.

Aswathi Kottiyoor

ആശ്രിതനിയമനം മാതൃവകുപ്പിലെ ഒഴിവിൽ നടത്താമെന്ന്‌ നിലവിൽ വ്യവസ്‌ഥയുണ്ട്‌: മുഖ്യമന്ത്രി.

Aswathi Kottiyoor

ലോഡ്‌ ഷെഡ്ഡിങ്ങും പവർ കട്ടും ഇല്ല ; റദ്ദാക്കിയ വൈദ്യുതി കരാർ ഡിസംബർവരെ തുടരാം

Aswathi Kottiyoor
WordPress Image Lightbox