കണ്ണൂർ: ജില്ലയിലെ ഇരിക്കൂർ ഗ്രാമത്തിൽ കുരങ്ങ് ശല്യം കാരണം പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്താണ് കുരങ്ങ് ശല്യം രൂക്ഷം. കഴിഞ്ഞ മഴയിലെ ഉരുൾപൊട്ടലിനു ശേഷമാണ് ഇപ്പോൾ കൂട്ടത്തോടെ കുരങ്ങുകൾ നാട്ടിലേക്ക് ഇറങ്ങിയിരിക്കുന്നത്.
ഇരിക്കൂറിന്റെ സമീപപ്രദേശമായ കൂട്ടാവ്, പെരുവളത്തുപറമ്പ്, നിലാമുറ്റം, ഏറ്റക്കയം, വയക്കാംകൊട് പ്രദേശങ്ങളിലാണ് കുരങ്ങിന്റെ ശല്യം കാരണം ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥ നിലവിൽ വന്നിരിക്കുന്നത്. വൈദ്യുതി വയറുകൾ കടിച്ചു പൊട്ടിക്കുക, വെള്ളത്തിന്റെ ടാങ്ക് നശിപ്പിക്കുക, ഉണക്കി ആറാനായി വെച്ചിരിക്കുന്ന തുണികൾ എടുത്തു കൊണ്ടു പോവുക, അടുക്കളയിൽ പാചകം ചെയ്തു വെച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എടുത്തുകൊണ്ടു പോവുക എന്നിങ്ങനെ കുരങ്ങിനെ കൊണ്ട് വലിയ ശല്യം ആയിരിക്കുകയാണ് നാട്ടുകാർക്ക് ഇപ്പോൾ.
മലയോര പ്രദേശമായതിനാൽ നിരവധി ആളുകൾ കൃഷി ചെയ്ത് ഉപജീവനം മാർഗം കണ്ടെത്തുന്ന പ്രദേശമാണിത്. വാഴ കൃഷിയും, വെള്ളരിക്ക കൃഷിയും, തെങ്ങും, മറ്റ് പച്ചക്കറി കൃഷിയും ചെയ്ത് ജീവിക്കുന്ന ആളുകൾ ഏറെയാണ്. ഇപ്പോൾ കുരങ്ങ് ശല്യം കാരണം ഇവർക്ക് കൃഷിയിടത്തിൽ നിന്ന് ലഭിക്കുന്നില്ല. വാഴ കൃഷിയിൽ നിന്ന് വിളഞ്ഞുനിൽക്കുന്ന നേന്ത്രക്കുലയും, കദളി പഴവും ഒക്കെ കുരങ്ങന്റെ വയറ്റിലേക്കാണ് പോകുന്നത്.
നാട്ടുകാർ പഞ്ചായത്തിൽ പരാതിപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഫോറസ്റ്റുമായി ഈ കാര്യം സംബന്ധിച്ച് ബന്ധപ്പെട്ടിരുന്നു. നിരവധി സ്ഥലങ്ങളിൽ ഫോറസ്റ്റുകാർ കുരങ്ങിനെ പിടികൂടാൻ കെണിവെച്ചു എങ്കിലും ഫോറസ്റ്റുകാരുടെ തന്ത്രം മനസ്സിലാക്കിയ കുരങ്ങുകൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പിടികൊടുക്കാതെ നടപ്പാണ്. റബ്ബർ കാടുകളുള്ള പ്രദേശമായതിനാൽ റബർ മരങ്ങളുടെ മുകളിലാണ് കുരങ്ങുകളുടെ ഇപ്പോഴുള്ള താമസം. വീടിന്റെ ഓടിനു മുകളിൽ കയറി ഓടി മിക്ക വീടിന്റെയും ഓടുകൾ പൊട്ടി ചോർന്നൊലിക്കുന്ന അവസ്ഥയാണ്.
രാത്രികാലമായാൽ വീടിന്റെ ഓടിൽ കയറി കുരങ്ങുകൾ ഓടുന്നതിനാൽ ആളുകളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് നാട്ടുകാരും, പഞ്ചായത്ത് അധികൃതരും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും തല പൊകഞ്ഞിരിക്കുകയാണ് ഇപ്പോൾ. നിരവധി കുരങ്ങുകളാണ് ഈ പ്രദേശങ്ങളിൽ ഇപ്പോൾ കറങ്ങി നടക്കുന്നത്.