*
ന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായ ഹർ ഘർ തിരംഗ പദ്ധതിയിൽ രാജ്യമെങ്ങും ദേശീയപതാകകൾ ഉയരുന്നു. വീടുകളിലും നിരത്തുകളിലും നഗരങ്ങളിലും മാത്രമല്ല, ബഹിരാകാശത്തും ഇപ്പോള്‍ രാജ്യത്തിന്റെ അഭിമാനപതാക പാറിപ്പറക്കുകയാണ്.
ഭൂമിയിൽ നിന്ന് ഏകദേശം മുപ്പത് കിലോമീറ്ററോളം ഉയരത്തിലാണ് രാജ്യത്തിന് അഭിമാനമായി ദേശീയപതാക ഉയർത്തിയത്. രാജ്യത്തെ കുട്ടികൾക്കായി ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് പ്രോത്സാഹനം നൽകുന്ന സ്പേസ് കിഡ്സ് ഇന്ത്യ എന്ന സംഘടനയാണ് ഇതിന് പിന്നിൽ. ബലൂണിൽ കെട്ടി ഭൂമിയിൽ നിന്ന് ഏകദേശം 1,06,000 അടി ഉയരത്തിലാണ് ദേശീയ പതാക പറത്തിയിരിക്കുന്നത്. ഇതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതിനുപുറമെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലും (ISS) ദേശീയപതാക ഉയർത്തിയതിന്റെ ചിത്രം ബഹിരാകാശ സഞ്ചാരി രാജാചാരി ട്വീറ്റ് ചെയ്തു. അമേരിക്കയുടെ പതാകയോടൊപ്പമായിരുന്നു ഇന്ത്യൻ പതാക. ഇതിന്റെ പശ്ചാത്തലത്തിൽ ഭൂമിയുടെ ദൃശ്യങ്ങളും കാണാം.