കേളകം: വെള്ളം, വെള്ളം സർവ്വത്ര തുള്ളി കുടിക്കാനില്ലത്രെ.. ഇതാണ് കേളകം പഞ്ചായത്തിലെ ഒന്നാം വാർഡിലെ വളയംചാൽ കോളനിവാസികളുടെ അവസ്ഥ. കനത്ത മഴക്കാലത്തും രണ്ടു മാസമായി ഇവിടുത്തുകാർക്ക് പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണമില്ല.
കുടിവെള്ള പദ്ധതിയുടെ രണ്ടു മോട്ടോറുകളും തകരാറായിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതാണ് കാരണം. സമീപത്തെ തോട്ടിൽനിന്നും കുളത്തിൽ നിന്നും രാവിലെയും വൈകുന്നേരവും ആവശ്യത്തിനുള്ള വെള്ളം തലച്ചുമടായി കൊണ്ടുവരേണ്ട ഗതികേടിലാണ് ഇവർ. പാചകത്തിനും മറ്റാവശ്യങ്ങൾക്കുമെല്ലാം തോട്ടിലെ വെള്ളവുമെടുക്കുന്നു. മഴക്കാലമായതിനാൽ തോട്ടിലൂടെ ചെളിവെള്ളമൊഴുകുമ്പോഴും അതെടുക്കേണ്ട അവസ്ഥയിലാണ് കോളനി നിവാസികൾ. ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിക്കുന്നതോടെ രോഗങ്ങളും വന്നു തുടങ്ങി.
ചീങ്കണ്ണി പുഴയിൽ നിന്നാണ് കോളനിയിലേക്ക് വെള്ളം പമ്പ് ചെയ്തിതിരുന്നത്. മുന്പ് പലതവണ മോട്ടോർ പണിമുടക്കിയപ്പോൾ കോളനിക്കാർ സ്വയം പണംമുടക്കി നേരെയാക്കിയിരുന്നു. ഇത്തവണ വാട്ടർ അഥോറിറ്റിയും പഞ്ചായത്തും മോട്ടോർ ശരിയാക്കി തരുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നുമായില്ലെന്ന് ഇവിടുത്തുകാർ പറഞ്ഞു. വാർഡ് മെന്പറോട് പലതവണ പരാതിപ്പെട്ടിരുന്നെങ്കിലും ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും കോളനിവാസികൾ പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലിനും കൂലിപ്പണികൾക്കും പോയി ജീവിക്കുന്നവരാണ് ഇവർ. രാവിലെ വീട്ടാവശ്യങ്ങൾക്കു വേണ്ട വെള്ളം ചുമന്നെത്തിച്ചതിനു ശേഷം ഭക്ഷണമുണ്ടാക്കിയാണ് അമ്മമാർ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത്. അതിനുശേഷം വേണം പണിക്കുപോകാൻ. പണി കഴിഞ്ഞു വന്നാലും ഇതുതന്നെയാണ് സ്ഥിതി. വെള്ളം ചുമന്ന് അസുഖ ബാധിതരായവരും കോളനിയിലുണ്ട്. വീടില്ലാത്ത കുടുംബങ്ങളും കോളനിയിലുണ്ട്. സർക്കാർ പദ്ധതിയിൽ നിർമിച്ച വീടുകൾ പലതും ചോർന്നൊലിക്കാൻ തുടങ്ങി.