കണ്ണൂർ: ചിങ്ങം ഒന്നിന് സംസ്ഥാന സർക്കാർ കർഷക ദിനമായി ആചരിക്കുമ്പോൾ കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് ഇതുവരെയും ശാശ്വതമായ പരിഹാരം കാണാത്ത കേരള സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കർഷകദിനം പ്രതിഷേധ ദിനമായി ആചരിക്കാൻ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കർഷക ദിനത്തിന് തലേദിവസം 16ന് ജില്ലയിലെ എല്ലാ നിയോജ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ കർഷക പ്രതിഷേധ യോഗങ്ങൾ നടത്തും. വന്യമൃഗശല്യം, ബഫർസോൺ വിഷയത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് നയം, പ്രകൃതിക്ഷോഭത്താൽ കൃഷിനാശം വന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ കഴിയാത്തത്, തേങ്ങ സംഭരണം വെറും പ്രഖ്യാപനമായി മാറിയത്, റബർ സബ്സിഡി വാങ്ങിക്കൊണ്ടിരുന്ന കർഷകരുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ നിർത്തലാക്കിയത്, വളത്തിന്റെഅമിതമായ വിലവർദ്ധനവ്, ഭൂനികുതിവർധിപ്പിച്ചത് തുടങ്ങിയ കർഷകദ്രോഹ നടപ ടികൾ ജില്ലാ കമ്മിറ്റിചർച്ച ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി.സാബൂസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. അഡ്വ. ടോണി ജോസഫ്, ടി.ഒ.മാത്യു, പി.ഒ.ചന്ദ്രമോഹനൻ, എ.ജയറാം, ബാലൻ പൊറോറ, സോജൻ കരാമയിൽ, സെബാസ്റ്റ്യൻ തുണ്ടത്തിൽ, പി.കുഞ്ഞിരാമൻ, സതീശൻ തലശേരി, കെ.കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.