തിരുവനന്തപുരം: വയനാട് ഒഴികെയുള്ള ജില്ലകളിലെ കലക്ടറേറ്റുകൾ നവീകരിക്കാനും 28 വില്ലേജ് ഓഫിസുകൾ സ്മാർട്ടാക്കാനും 48 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായി. തൊണ്ടിമുതൽ മോഷണം പോയ തിരുവനന്തപുരം ആർഡിഒ കോടതിയുടെ നവീകരണവും ഉൾപ്പെടും.
വില്ലേജ് ഓഫിസുകൾ സ്മാർട്ടാക്കാൻ 22 കോടി രൂപ ചെലവിടുന്നതിൽ 20 കോടി ഓഫിസ് നിർമിക്കാനും 2 കോടി ഭൂമി ഏറ്റെടുക്കാനുമാണ്. കലക്ടറേറ്റ് നവീകരണത്തിനും കലക്ടർമാരുടെ ക്യാംപ് ഓഫിസുകളിൽ സൗകര്യങ്ങൾ ഒരുക്കാനും 13 കോടി രൂപയോളം ചെലവിടും. തിരുവനന്തപുരം ജില്ലാ കലക്ടറുടെ ക്യാംപ് ഓഫിസ് നിർമാണത്തിന് 4.42 കോടി രൂപയും ആർഡിഒ കോടതിയിലെ മജിസ്ട്രേട്ട് ചേംബർ, കോടതി ഹാൾ നവീകരണത്തിന് 4.60 ലക്ഷം രൂപയും ചെലവു വരും.
ഭൂമി തരം മാറ്റം സംബന്ധിച്ച ഒട്ടേറെ കേസുകൾ പരിഗണിക്കുന്ന ഫോർട്ട് കൊച്ചി ആർഡി ഓഫിസിൽ പുതിയ മുറി നിർമിക്കാൻ 28.29 ലക്ഷം രൂപ ചെലവഴിക്കും.
ആലപ്പുഴ കലക്ടറുടെ വാസസ്ഥലത്തിന്റെയും ക്യാംപ് ഓഫിസിന്റെയും നിർമാണത്തിന് 1.95 കോടി, കൊല്ലം കലക്ടറേറ്റിലെ കോൺഫറൻസ് റൂം അറ്റകുറ്റപ്പണിക്ക് 50.86 ലക്ഷം, ഇടുക്കി കലക്ടറുടെ ക്യാംപ് ഓഫിസ് നവീകരിക്കാൻ 2.98 ലക്ഷം, തൃശൂർ കലക്ടറേറ്റ് നവീകരണത്തിന് 60 ലക്ഷം, പാലക്കാട് കലക്ടറേറ്റിന്റെയും കോൺഫറൻസ് ഹാളിന്റെയും നവീകരണത്തിന് 1.23 കോടി, കോഴിക്കോട് കലക്ടറേറ്റിൽ ഇ ഓഫിസ് ക്യുബിക്കിൾ ഉൾപ്പെടെ നവീകരണത്തിന് 87.45 ലക്ഷം, കലക്ടറുടെ ക്യാംപ് ഓഫിസ് നവീകരിക്കാൻ 21.30 ലക്ഷം, കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിന് 1.15 കോടി, കാസർകോട് കലക്ടറേറ്റിലെയും കലക്ടറുടെ ക്യാംപ് ഓഫിസിലെയും നവീകരണത്തിനായി 52 ലക്ഷം എന്നിങ്ങനെ അനുമതി ലഭിച്ചു. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ വിഡിയോ കോൺഫറൻസ് ഹാൾ നിർമിക്കാൻ 12. 74 ലക്ഷം, ലാൻഡ് ബോർഡ് സെക്രട്ടറിയുടെ ചേംബറും ഓഫിസ് ലൈബ്രറിയും കോൺഫറൻസ് ഹാളും നവീകരിക്കാൻ 44 ലക്ഷം.