ഹെല്‍സിങ്കി∙ യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്. യുവേഫ ചാപ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടിയ സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ യൂറോപ്പ ലീഗ് ജേതാക്കളായ ജര്‍മന്‍ ക്ലബ്ബ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫുര്‍ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് റയൽ കിരീടം സ്വന്തമാക്കിയത്.മത്സരത്തില്‍ 37-ാം മിനിറ്റില്‍ ഡേവിഡ് അലാബയും 65-ാം മിനിറ്റില്‍ കരീം ബെന്‍സേമയുമാണ് റയലിനായി ഗോൾ അടിച്ചത്. റയലിന്റെ അഞ്ചാം സൂപ്പര്‍ കപ്പ് കിരീടമാണിത്. ഓഫ്സൈഡ് നിര്‍ണയിക്കാന്‍ സെമി ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യ യൂറോപ്യന്‍ ഫുട്ബോളില്‍ ആദ്യമായി ഉപയോഗിക്കുന്ന മത്സരമെന്ന പ്രത്യേകതകൂടി ഈ മത്സരത്തിനുണ്ടായിരുന്നു.
മത്സരത്തിന്റെ ആദ്യപകുതി ഐൻട്രാക്റ്റ് പ്രതിരോധിച്ചെങ്കിലും രണ്ടാം പകുതിയിൽ റയൽ ആധിപത്യം നേടുകയായിരുന്നു. ഇതോടെ നാല് തവണ ചാംപ്യൻസ് ലീഗ് കപ്പ് ഉയർത്തുന്ന കോച്ചായി റയൽ മഡ്രിഡിന്റെ കാർലോ ആൻസെലോട്ടി മാറി.