21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും
Kerala

സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും

സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15നു സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. ജില്ലകളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന ആഘോഷ പരിപാടികളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും.
സെൻട്രൽ സ്‌റ്റേഡിയത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പൊലീസ്, പാരാ മിലിറ്ററി സേന, സൈനിക സ്‌കൂൾ, കുതിര പൊലീസ്, എൻ.സി.സി, സ്‌കൗട്ട് എന്നിവരുടെ പരേഡിൽ മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ദേശീയഗാനാലാപനം, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയവയുമുണ്ടാകും. ചടങ്ങിൽ മുഖ്യമന്ത്രി മെഡലുകൾ സമ്മാനിക്കും.
ജില്ലാ തലങ്ങളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളാകും നടക്കുക. സംസ്ഥാന പൊലീസിന്റെയും ഹോംഗാർഡ്, എൻ.സി.സി., സ്‌കൗട്ട്‌സ് എന്നിവരുടേയും നേതൃത്വത്തിൽ നടക്കുന്ന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും. സബ് ഡിവിഷണൽ, ബ്ലോക്ക് തലങ്ങളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടക്കുക. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ദേശീയ പതാക ഉയർത്തും.
തദ്ദേശ സ്ഥാപനതലത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ മേയർ, മുനിസിപ്പൽ ചെയർപേഴ്‌സൺ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ ദേശീയ പതാക ഉയർത്തും. ഇവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആണ് പരിപാടികൾ സംഘടിപ്പിക്കേണ്ടത്. സർക്കാർ ഓഫിസുകൾ, സ്‌കൂളുകൾ, കോളജുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിക്കും. വകുപ്പ് മേധാവികളും സ്ഥാപന മേധാവികളും ദേശീയ പതാക ഉയർത്തും.
എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലേയും സർവകലാശാലകൾ, സ്‌കൂളുകൾ, കോളജുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാർ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കണമെന്നു നിർദേശിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. വകുപ്പു മേധാവികളും സ്ഥാപന മേധാവികളും ഇക്കാര്യം ഉറപ്പാക്കണം. ആഘോഷ പരിപാടികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. പ്ലാസ്റ്റിക് നിർമിത ദേശീയ പതാകകൾക്കു പൂർണ നിരോധനമുണ്ടായിരിക്കും. ആഘോഷങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

Related posts

കണ്ടൽക്കാടുകൾക്കിടയിലൂടെ കയാക്കിംഗ് മത്സരം; ഒന്നാം സമ്മാനം 50,000 രൂപ

Aswathi Kottiyoor

*കേരളത്തിന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്*

Aswathi Kottiyoor

പഴശ്ശി സാഗർ പദ്ധതി തുരങ്കത്തിന് സമീപത്തെ മണ്ണിടിച്ചിൽ – ഭിത്തി ബലപ്പെടുത്തൽ പ്രവർത്തി ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox