27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ലാഭം കൊയ്‌തത്‌ കമ്പനികൾ; ഇരുട്ടിലായത്‌ ജനങ്ങൾ
Kerala

ലാഭം കൊയ്‌തത്‌ കമ്പനികൾ; ഇരുട്ടിലായത്‌ ജനങ്ങൾ

കണ്ണൂർ
2019ലെ ഗോനി ചുഴലിക്കാറ്റിൽ ഇരുട്ടിലായ ഒഡിഷയിൽ വെളിച്ചമെത്തിയത്‌ രണ്ടാഴ്‌ച കഴിഞ്ഞെന്ന്‌ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച കെഎസ്‌ഇബി സംഘത്തിലെ അസിസ്‌റ്റന്റ്‌ എൻജിനിയർ എ വി രവീന്ദ്രൻ. വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരണത്തിന്റെ ഇരകളാകുകയായിരുന്നു ഒഡിഷയിലെ ജനങ്ങൾ. തലസ്ഥാനമായ ഭൂവനേശ്വറിന്റെ പ്രാന്ത പ്രദേശങ്ങളിൽ രണ്ടാഴ്‌ച കഴിഞ്ഞ്‌ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും ഉൾനാടൻ ഗ്രാമങ്ങളിൽ ഇരുട്ടകലാൻ മാസങ്ങളെടുത്തു.
2019 മെയിലാണ്‌ ഒഡിഷ സർക്കാരിന്റെ അഭ്യർഥന പ്രകാരം കേരളത്തിലെ കെഎസ്‌ഇബി സംഘം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്‌. കണ്ണൂരിൽനിന്ന്‌ ഇരുപതംഗ സംഘമാണ്‌ ഒഡിഷയിലെത്തിയത്‌. മാതമംഗലം സെക്ഷൻ എഇ രവീന്ദ്രനെ കൂടാതെ സബ്‌ എൻജിനിയർമാരായ ആഷിഷ്‌(വെള്ളൂർ), മഹേഷ്‌(കണ്ണൂർ), നാല്‌ ഓവർസിയർമാർ, ലൈൻമാന്മാർ, കരാർ ജീവനക്കാർ എന്നിവരാണ്‌ സംഘത്തിലുണ്ടായത്‌.
ഭുവനേശ്വറിൽനിന്ന്‌ 16 കിലോമീറ്റർ അകലെയുള്ള മിനി ടൗൺഷിപ്പിന്റെയും ജാൻല, മദൻപുർ, കൈമാട്ടിയ, ജഗത്‌സാര എന്നീ വില്ലേജുകളിലെയും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ചുമതലയാണ്‌ ഇവർക്ക്‌ നൽകിയത്‌. വൈദ്യുതി നിലച്ചിട്ട്‌ 10 ദിവസം കഴിഞ്ഞ ഇവിടെ 34 കെ വി ലൈനിലെ നാല്‌ ട്രാൻസ്‌ഫോമറുകളും നൂറോളം പോസ്‌റ്റുകളും വീണുകിടക്കുകയായിരുന്നു. പ്രാഥമിക സൗകര്യങ്ങൾപോലും പരിമിതമായ ഒരു സ്‌കൂളിലാണ്‌ സംഘം താമസിച്ചത്‌. ആദ്യ ദിവസം ഇരുട്ടിലായിരുന്നു. പിന്നീട്‌ സ്‌കൂൾ അധികൃതർ ജനറേറ്റർ സംഘടിപ്പിച്ച്‌ നൽകി. 41 ഡിഗ്രി സെൽഷ്യസ്‌ ചൂടിലായിരുന്നു പണിയെടുത്തത്‌. ആറാം ദിവസം ഒരു ഗ്രാമത്തിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. രണ്ടാഴ്‌ചയാകുമ്പോഴേക്കും ഘട്ടംഘട്ടമായി മിനി ടൗൺഷിപ്പിലെയും മറ്റ്‌ ഗ്രാമങ്ങളിലെയും ഇരുട്ടകറ്റാൻ കഴിഞ്ഞു.
സ്വകാര്യവൽക്കരണ കരാർ പ്രകാരം വൈദ്യുതി പുനഃസ്ഥാപനം സർക്കാരിന്റെ തലയിൽ വീഴുകയായിരുന്നു. പൊതു മേഖല കമ്പനിക്കായിരുന്നു ഇതിന്റെ ചുമതല. നഷ്‌ടം സർക്കാരിനും വൈദ്യുതി വിറ്റ്‌ ലാഭം നേടുന്നത്‌ സ്വകാര്യ കമ്പനികളും എന്നതായിരുന്നു ഒഡിഷയിലെ അവസ്ഥ. സംസ്ഥാനത്തെ പ്രധാന ടൂറിസ്‌റ്റ്‌ കേന്ദ്രമായ കൊണാർക്ക്‌ ക്ഷേത്ര പരിസരത്തെ പൊട്ടിവീണ പോസ്‌റ്റുകളും മറ്റും അതേപടി കിടക്കുകയായിരുന്നുവെന്ന്‌ രവീന്ദ്രൻ പറഞ്ഞു. അഞ്ച്‌ സ്വകാര്യ കമ്പനികളാണ്‌ ഒഡിഷയിൽ വൈദ്യുതി വിതരണം ചെയ്യുന്നത്‌.

Related posts

കെഎസ്‌ഇബിയിലെ തസ്‌തികകൾ സർക്കാർ തസ്‌തികകൾക്കു സമാനമല്ല

Aswathi Kottiyoor

വിദ്യാർഥികളുടെ യാത്രാ നിരക്ക്​ വർധനയിൽ ധാരണയായില്ല; ചർച്ച തുടരും

Aswathi Kottiyoor

ഓണം: കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകള്‍

Aswathi Kottiyoor
WordPress Image Lightbox